
ഹരിപ്പാട്: ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തിൽ ആനയുടെ പാപ്പാനും കുട്ടിയുടെ പിതാവുമായ കൊട്ടിയം സ്വദേശി അഭിലാഷ് അറസ്റ്റിൽ. പെരുമ്പാവൂരിൽ നിന്ന് ഇയാളെ ഹരിപ്പാട് പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ ആനയുടെ താത്‌കാലിക പാപ്പാൻ ആണ്.
സംഭവത്തിൽ ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഹരിപ്പാട് പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് അറസ്റ്റ്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ജിതിനെ കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആറുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കൊലകൊമ്പൻ ആനയുടെ കൊമ്പിലിരുത്തിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊമ്പിൽ ചേർത്തിരുത്തവേ തലകീഴായി മറിഞ്ഞ് ആനയുടെ കാൽക്കീഴിൽ വീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മൂന്നുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ഹരിപ്പാട് സ്കന്ദന്റെ കൊമ്പിലാണ് അഭിലാഷ് തന്റെ കുഞ്ഞിനെ ഇരുത്താൻ ശ്രമിച്ചത്. വീഴ്ചയിൽ ആനയുടെ കാലിലെ ചങ്ങലയിൽ കുഞ്ഞിന്റെ തലയിടിക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാം.
ഹരിപ്പാട് ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തിൽ ആനയുടെ കാലുകൾക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്.
തുടർന്ന് ആനക്കൊമ്പിലിരുത്തുന്നതിനിടെ കൈയിൽ നിന്ന് തെന്നിപ്പോയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. നാട്ടുകാരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തെത്തുടർന്ന് അഭിലാഷിനെ ദേവസ്വം ബോർഡ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |