തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്വേഷണ സംഘം 48 മണിക്കൂറിൽ നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രതി റിജോ ആന്റണി പിടിയിലായത്. മോഷണം നടത്തുന്നതിനിടയിൽ പ്രതി ബാങ്ക് ജീവനക്കാരോട് ഹിന്ദിയിലാണ് സംസാരിച്ചതെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.
സമീപത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമാണ് പ്രതിയുടെ ശരീരപ്രകൃതമനുസരിച്ച് മലയാളിയായിരിക്കുമെന്ന് പൊലീസ് ഉറപ്പിച്ചത്. റിജോ ബാങ്കിൽ എത്തിയപ്പോൾ പ്യൂൺ മാത്രമേ ഉണ്ടായിരുന്നുളളൂ. ഇയാളെ കത്തി കാണിച്ചശേഷം ഹിന്ദിയിലാണ് റിജോ ഭീഷണിപ്പെടുത്തിയത്. തുടർന്ന് ജീവനക്കാരെ ബാത്ത്റൂമിൽ അടച്ചശേഷം കൗണ്ടറിലെ പണമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു.
മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാരനാണെന്ന് വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ റിജോയുടെ കുടവയറും നിർണായകമായി മാറി.
ഇതിനോടൊപ്പം റിജോ ഓടിച്ച സ്കൂട്ടറും ധരിച്ചിരുന്ന ഷൂസും അന്വേഷണസംഘത്തിന് വേഗത്തിൽ പ്രതിയിലേക്ക് എത്തുന്നതിന് സഹായകമായി. ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ മാത്രമെടുത്ത പ്രതി കൂടുതൽ പണം എടുക്കാത്തതും പൊലീസിനെ സംശയിപ്പിച്ചു. ബാങ്കിനെക്കുറിച്ച് നന്നായി അറിയുന്നയാളായിരിക്കുമെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ ടിവിഎസ് എൻടോർക്ക് സ്കൂട്ടറുളള ഉടമകളുടെ വിവരങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു.
കുറച്ച് സമയം മാത്രമാണ് മോഷണത്തിന് ലഭിച്ചതെന്നും അതുകൊണ്ട് കൈയിൽ കിട്ടിയ 15 ലക്ഷം രൂപയെടുത്ത് മടങ്ങുകയായിരുന്നുവെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തി ഗൾഫിൽ ഉണ്ടായിരുന്ന സമയത്ത് വാങ്ങിച്ചതാണെന്നും റിജോ പൊലീസിനോട് പറഞ്ഞു.റിജോയുടെ അയൽവാസിയായ വീട്ടമ്മ പറഞ്ഞതും കേസിൽ നിർണായകമായി, ബാങ്കിന്റെ രണ്ടര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണത്തിന് എത്തിയപ്പോൾ ആളുകളെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഇത് കണ്ട സ്ത്രീയാണ് റിജോയെ പോലെയുണ്ടല്ലോ എന്ന് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |