ദക്ഷിണേന്ത്യയിൽ തരംഗംസൃഷ്ടിച്ച നയൻതാരയ്ക്ക് ഇന്ന് പിറന്നാൾ
പതിനെട്ടു വർഷമായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളത്തിന്റെ സ്വന്തം നയൻതാര. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള അഭിനേത്രി. പുതിയൊരു വർഷം കൂടി നയൻതാരയുടെ ജീവിതത്തിൽ വരുമ്പോൾ പ്രായം കുറയുകയും സൗന്ദര്യം കൂടുകയുമാണ് സംഭവിക്കുന്നത്. ഹിന്ദിയിൽ ഷാരൂഖിന്റെ നായികയാവാനുള്ള തയ്യാറെടുപ്പാണ് ഈ പിറന്നാളിന്റെ ഇരട്ടി മധുരം. ബോളിവുഡിനെ കൂടി കീഴടക്കാനുള്ള ആവേശത്തിലാണ് നയൻതാര. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും നയൻതാരയുടെ കട്ട ഫാനാണ്.
അന്യഭാഷകളിൽ തിരക്കിലാണെങ്കിലും വന്ന വഴി മറക്കാത്ത അഭിനേത്രി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസിനക്കരെ" സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നയൻതാര എന്ന ഡയാന മറിയം കുര്യൻ ചുരുങ്ങിയ വർഷം കൊണ്ടാണ് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായകന്മാരോളം വിലപിടിപ്പുള്ള താരമായി മാറിയത്. രജനികാന്ത് നായകനായ അണ്ണാത്തയാണ് നയൻതാരയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിൽ നായികയായി നയൻതാരയാണ് അഭിനയിക്കുന്നത്.
തെന്നിന്ത്യയിലെ ലക്കിസ്റ്റാർ
2005 ൽ അയ്യാ എന്ന തമിഴ് ചിത്രത്തിൽ ശരത്കുമാറിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻതാരയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അഭിനയിച്ച നായികാ പ്രാധാന്യമുള്ള മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ. രജനികാന്ത്, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, ജയം രവി, ആര്യ തുടങ്ങി തമിഴ് സിനിമയിലെ മാത്രമല്ല തെലുങ്ക്, മലയാളം സിനിമകളിലും മുൻനിര നായകന്മാരുടെ കൂടെയെല്ലാം അഭിനയിച്ചു.മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ,കുഞ്ചാക്കോ ബോബന്റെയും നായികയായി. തെന്നിന്ത്യൻ സിനിമയിലെ 'ലക്കി സ്റ്റാറാ'യാണ് നയൻ വിശേഷിപ്പിക്കപ്പെടുന്നത്.
ഗംഭീര തിരിച്ചുവരവ്
2005ൽ തമിഴ് സിനിമയിലേക്ക് വന്ന നയൻതാരയ്ക്ക് രണ്ടായിരത്തി പതിനൊന്നും പന്ത്രണ്ടും തന്റെ കരിയറിലെ ഏറ്റവും മോശമായ വർഷങ്ങളായിരുന്നു. രണ്ട് തെലുങ്ക് ചിത്രങ്ങൾ മാത്രമാണ് ആസമയത്ത് പുറത്തു വന്നത്. നയൻതാരയുടെ യുഗം കഴിഞ്ഞു എന്ന് കോളിവുഡിലും, ടോളിവുഡിലും പ്രചാരണം ഉണ്ടായി. എല്ലാവരുടെയും കണക്കുകൾ തെറ്റിച്ച് 2013ൽ അറ്റ്ലി സംവിധാനം ചെയ്ത രാജാ റാണി എന്ന തമിഴ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി.
നായകന്മാരില്ലാതെ സൂപ്പർഹിറ്റുകൾ
അപൂർവം ചിലരെ കൊണ്ടു മാത്രം സാധിക്കുന്ന കാര്യമാണ് നായകൻമാരുടെ സഹായമില്ലാതെ സൂപ്പർഹിറ്റുകൾ സൃഷ്ടിക്കുക എന്നത്. അത് തെളിയിച്ച താരമാണ് നയൻതാര. 2015ൽ പുറത്തു വന്ന മായ എന്ന സൂപ്പർ നാച്വറൽ ഹൊറർ സിനിമയിലൂടെ സൂപ്പർ ഹീറോയിൻ എന്ന ബഹുമതി പിടിച്ചുപറ്റി. ഡോറ, അറം, കോലമാവ് കോകില, ഐരാ, കൊലൈയുതിർകാലം എന്നീ ചിത്രങ്ങളെല്ലാം നായകന്മാരില്ലാതെ തന്റെ കഴിവ് നയൻതാര തെളിയിച്ചു. ഇതിൽ അറം സിനിമയിൽ കളക്ടറുടെ വേഷത്തിലെത്തി അനീതിക്കെതിരെ പോരാടിയതോടെ താരത്തിന് പുതിയൊരു പേരും വീണു തലൈവി.
വിഘ്നേശിന്റെ തങ്കം
സംവിധായകനും നിർമാതാവുമായ വിഘ്നേശുമായുള്ള പ്രണയം ആരാധകർ ആഘോഷമാക്കാറുണ്ട്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡിതാൻ സിനിമയിൽ നായികയായി അഭിനയിച്ചത് നയൻതാരായിരുന്നു , തുടർന്നാണ് ഇരുവരും അടുപ്പത്തിലാവുന്നതും. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നതാണ് പുതുവിശേഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |