രണ്ടാംഘട്ട കരൾ കാൻസറിന് ശസ്ത്രക്രിയയ്ക്ക് ശേഷം നടി ദീപിക കക്കറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരം പുറത്തുവിട്ട് ഭർത്താവും നടനുമായ ഷോയിബ് ഇബ്രാഹിം. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ദീപികയുടെ ചികിത്സയെ കുറിച്ച് ഷോയിബ് സംസാരിച്ചത്.
നിലവിൽ ദീപികയുടെ ശരീരത്തിൽ കാൻസർ കോശങ്ങളില്ലെന്ന് ഷോയിബ് പറഞ്ഞു.എന്നാൽ പരിശോധനാ ഫലങ്ങൾ ഗൗരവതരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്യൂമർ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “നേരത്തെ, ട്യൂമർ നീക്കം ചെയ്താൽ എല്ലാം ശരിയാകുമെന്ന് ഞങ്ങൾ കരുതി. ശരീരത്തെ സംബന്ധിച്ചിടത്തോളം, നിലവിൽ കാൻസർ കോശങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഞങ്ങൾക്ക് ലഭിച്ച ബയോപ്സി റിപ്പോർട്ടും പി. ഇ.ടി സ്കാനും കൂടുതൽ ഗുരുതരമായ ഒരു സാഹചര്യത്തെ സൂചിപ്പിക്കുന്നു. ഗ്രേഡ് മൂന്ന് വിഭാഗത്തിൽ പെട്ട ട്യൂമറായിരുന്നു അത്. വീണ്ടും സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
കരൾ കാൻസർ ചികിത്സയ്ക്ക് രണ്ട് ചികിത്സാ രീതികളുണ്ടെന്നും ഷോയിബ് വ്യക്തമാക്കി. ഐ.വി ഡ്രിപ്പ് വഴി നൽകുന്ന ഇമ്മ്യൂണോതെറാപ്പി, ഗുളിക രൂപത്തിൽ കഴിക്കുന്ന ടാർഗെറ്റഡ് തെറാപ്പി. ഉള്ളിൽ കഴിക്കുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇപ്പോൾ കാൻസർ കോശങ്ങളൊന്നുമില്ലെങ്കിലും, ഭാവിയിൽ എന്തെങ്കിലും കണ്ടെത്തിയാൽ മരുന്നുകളുടെ ഡോസ് വർദ്ധിപ്പിക്കും, കൂടാതെ ഇൻട്രാവെൻസായി (ഞരമ്പുകൾ വഴി) മരുന്ന് നൽകും. ദീപികയുടെ പുതിയ യാത്ര അടുത്ത ആഴ്ച ആരംഭിക്കും. ചികിത്സ ഒരു വർഷം മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കും. ഓരോ മൂന്ന് ആഴ്ചയിലും സ്കാനുകൾ നടത്തുമെന്നും ഷൊയിബ് അറിയിച്ചു.
ഹിന്ദി ടിവി സീരിയലുകളിലൂടെ പ്രശസ്തയായ ദീപിക കക്കർ ഇൻസ്റ്റാഗ്രാമിലൂടെയാണ് തനിക്ക് കാൻസർ ഉണ്ടെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. വയറു വേനദന കുറയാതായതോടെയാണ് ആശുപത്രിയിൽ എത്തി പരിശോധന നടത്തിയതെന്നും തുടർന്ന് കാൻസർ ആണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും ദീപിക പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |