നായകനായി അഭിനയിക്കുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ
രാവിലെ കുഞ്ചാക്കോ ബോബന്റെ ആഘോഷം
അനിയത്തിപ്രാവിനും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ അഭിനയ ജീവിതത്തിനും ഇന്ന് ഇരുപത്തിയഞ്ച് വയസ്. ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബനും ശാലിനിയും നായകനും നായികയുമായി അഭിനയിച്ച അനിയത്തിപ്രാവ് 1997 മാർച്ച് 26നാണ് തിയേറ്ററുകളിൽ എത്തിയത്. ഫാസിലിന്റെ കണ്ടെത്തലായ കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി നായകനും നായികയുമായി അഭിനയിച്ച ചിത്രമാണ് അനിയത്തിപ്രാവ്. മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡ് ഭേദിച്ച ചിത്രം.രണ്ട് വ്യത്യസ്ത മതങ്ങളിൽനിന്നുള്ള സുധിയുടെയും മിനിയുടെയും പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. സുധിയുടെ സുഹൃത്തുക്കളുടെ വേഷത്തിൽ സുധീഷും ,ഹരിശ്രീ അശോകനും അഭിനയിച്ചു.തിലകൻ, ശ്രീവിദ്യ എന്നിവരാണ് സുധിയുടെ മാതാപിതാക്കളുടെ വേഷം അവതരിപ്പിച്ചത്. ഇരുവരുടെയും അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായി രഘുപാലും ചന്ദ്രികയും മാറുകയും ചെയ്തു.
ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, പറവൂർ ഭരതൻ, ശങ്കരാടി, അബി, ഷാജിൻ, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മനോഹരമായ പ്രണയഗാനങ്ങളാണ് അനിയത്തി പ്രാവിന്റെ ആകർഷണീയതകളിലൊന്ന്. ഒാ പ്രിയേ, അനിയത്തിപ്രാവിന്, ഒരു രാജമല്ലി, വെണ്ണിലാ കടപ്പുറം, എന്നും നിന്നെ പൂജിക്കാം എന്നീ അഞ്ച് സൂപ്പർ ഹിറ്റു ഗാനങ്ങളാണ് എസ്. രമേശൻ നായരുടെ തൂലികയിൽ പിറന്നത്.ഒൗസേപ്പച്ചനാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.ഫാസിലിന്റെ ശക്തമായ തിരക്കഥയായിരുന്നു അനിയത്തിപ്രാവിന്റേത്. കുഞ്ചാക്കോ ബോബൻ കോളേജ് കുമാരിമാരുടെ പ്രിയ നായകനും ചോക്ളേറ്റ് നായകൻ എന്ന ഇമേജ് ലഭിച്ചതും അനിയത്തി പ്രാവിലൂടെയാണ്. അനിയത്തിപ്രാവ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ നടൻ എന്ന നിലയിൽ കുഞ്ചാക്കോ ബോബൻ ബഹുദൂരം വളർന്നു. ഉദയ എന്ന ബാനർ വീണ്ടും തിരികെ വന്നു. ചരിത്രവിജയങ്ങൾ തീർത്തു കുഞ്ചാക്കോ ബോബന്റെ സിനിമകൾ.
പ്രിയ പ്രിയപാതിയായി ജീവിതത്തിലേക്ക് എത്തി. ഇസഹാക്ക് എന്ന കുഞ്ഞിന്റെ അച്ഛനായി. ജീവിതത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളിലേക്കുള്ള സഞ്ചാരത്തിലാണ് ചാക്കോച്ചൻ ഇപ്പോൾ. 25 വർഷങ്ങൾക്കിപ്പുറം പട എന്ന സിനിമ സംഭവിച്ചു. അനിയത്തി പ്രാവിലെ സുധിയിൽനിന്ന് പടയിലെ രാകേഷ് കാഞ്ഞങ്ങാട് എല്ലാതരത്തിലും നവീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ചാക്കോച്ചൻ വിശ്വസിക്കുന്നു. ചെറുവത്തൂരിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ ലൊക്കേഷനിൽ രാവിലെ കേക്ക് മുറിച്ചു അനിയത്തി പ്രാവിന്റെ 25-ാം പിറന്നാൾ കുഞ്ചാക്കോ ബോബൻ ആഘോഷിക്കാൻ ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |