ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറിൽ
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയും സംവിധായകൻ ദിൻജിത്ത് അയ്യത്താനും വീണ്ടും ഒരുമിക്കുന്നു. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. വിജയരാഘവൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ച ബാഹുൽ രമേഷ് ആണ് രചന നിർവഹിക്കുന്നത്. കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അണിയറ പ്രവർത്തകർ പുറത്തുവിടും. ആസിഫ് അലിയും അപർണ ബാലമുരളിയും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്. സൺഡേ ഹോളിഡേ, തൃശ്ശവിപേരൂർ ക്ളിപ്തം, ബി.ടെക് എന്നിവയാണ് ആസിഫ് അലിയും അപർണ ബാലമുരളിയും നായകനും നായികയുമായി അഭിനയിച്ച ചിത്രങ്ങൾ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിലാണ് ആസിഫ് അലിയും അപർണ ബാലമുരളിയും ഇപ്പോൾ ഒരുമിച്ചഭിനയിക്കുന്നത്. പൃഥ്വിരാജ് കൊട്ട മധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആഗസ്റ്റ് 7ന് അപർണ ബാലമുരളി ജോയിൻ ചെയ്യും.തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക വേഷമാണ് ചിത്രത്തിൽ അപർണ ബാലമുരളി അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെയും ഷാജി കൈലാസിന്റെയും ചിത്രത്തിൽ അപർണ ബാലമുരളി ഇതാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |