SignIn
Kerala Kaumudi Online
Friday, 26 April 2024 12.24 PM IST

ദൃശ്യപ്പൊലിമയുടെ ആനന്ദം

ആദ്യ ചിത്രമായ തേന്മാവിൻ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയ കെ.വി. ആനന്ദ് ഓർമ്മയായി

kv

ഇന്നലെ പുലർച്ചെയായിരുന്നു അപ്രതീക്ഷിതമായ ആ മരണം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി. ആനന്ദിന്റെ ജീവൻ അപഹരിച്ചത് ഹൃദയാഘാതമാണ്. എണ്ണമറ്റ സിനിമകളിലൂടെ ദൃശ്യപ്പൊലിമയുടെ ആനന്ദം സമ്മാനിച്ച മികച്ച ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി. ആനന്ദിന്റെ വിടവാങ്ങൽ സിനിമയെ പ്രണയിക്കുന്നവരുടെയെല്ലാം മനസിൽ ഒരാഘാതം തന്നെയാണ്.ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി, ഇന്ത്യാടുഡേ, കൽക്കി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റായാണ് കെ.വി. ആനന്ദിന്റെ തുടക്കം. ഇരുന്നൂറിലേറെ മാഗസിനുകൾക്കായി മുഖചിത്രമെടുത്ത കെ.വി. ആനന്ദ് പത്ത് മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളുമെടുത്തിട്ടുണ്ട്.ഛായാഗ്രാഹകന്മാരിലെ ജീനിയസായ പി.സി. ശ്രീറാമിനെ പരിചയപ്പെട്ടതാണ് കെ.വി. ആനന്ദിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അസിസ്റ്റന്റാകാൻ ആഗ്രഹം പ്രകടിപ്പിച്ച ആനന്ദിനെ ശ്രീറാം കൂടെ കൂട്ടി. ഗോപുരവാസലിലേ, അമരൻ, മീര, തേവർമകൻ, തിരുടാ തിരുടാ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ പി.സി. ശ്രീറാമിന്റെ അസിസ്റ്റന്റായി കെ.വി. ആനന്ദ് പ്രവർത്തിച്ചു.തേന്മാവിൻ കൊമ്പത്തിന്റെ കാമറാമാനായി പ്രിയദർശൻ പി.സി. ശ്രീറാമിനെ ക്ഷണിച്ചുവെങ്കിലും തിരക്ക് കാരണം അദ്ദേഹത്തിന് ആ ഓഫർ സ്വീകരിക്കാൻ കഴിഞ്ഞില്ല. ശ്രീറാം തന്നെയാണ് പ്രിയദർശനോട് ആനന്ദിന്റെ പേര് പറഞ്ഞത്.തേന്മാവിൻ കൊമ്പത്ത് എന്ന കന്നിച്ചിത്രത്തിൽ കാഴ്ചകളുടെ വിസ്മയം തീർത്ത കെ.വി. ആനന്ദിന് ആദ്യ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

ആത്മാർത്ഥതയും ഭാവനയും അയത്ന ലളിതമായി സമന്വയിച്ച അതിഗംഭീര ഛായാഗ്രഹണമെന്നാണ് തേന്മാവിൻ കൊമ്പത്തിലെ ആനന്ദിന്റെ ദൃശ്യഭാഷയുടെ മികവിനെ അഭിനന്ദിച്ചുകൊണ്ട് ദേശീയ അവാർഡ് ജൂറി പറഞ്ഞത്.

2005ൽ കനാകണ്ടേൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കെ.വി. ആനന്ദ് സംവിധായകനായി അരങ്ങേറിയത്. 2009ൽ ചെയ്ത അയൻ ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ആ വർഷത്തെ ഏറ്റവുമധികം കളക്ട് ചെയ്ത തമിഴ് ചിത്രമായിരുന്നു അയൻ.രണ്ട് വർഷങ്ങൾക്ക് ശേഷം കെ.വി. ആനന്ദ് ഒരുക്കിയ കോ, മാട്രൻ, അനേകൻ എന്നിവയും സൂപ്പർഹിറ്റുകളായി. എന്നാൽ ഒടുവിൽ ചെയ്ത കാപ്പാൻ ബോക്സാഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല.

മലയാളത്തിൽ തേന്മാവിൽ കൊമ്പത്തിന് ശേഷം പ്രിയദർശന്റെ മിന്നാരത്തിനും കാമറ ചലിപ്പിച്ചു. പി.സി. ശ്രീറാമിന്റെ മറ്റൊരു അസിസ്റ്റന്റായിരുന്ന ജീവ ഛായാഗ്രഹണം നിർവഹിച്ച ചന്ദ്രലേഖയിൽ കെ.വി. ആനന്ദ് ചില രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.ദുൽഖർ സൽമാനെ നായകനാക്കി ഒരു ചിത്രമൊരുക്കാനുള്ള ആലോചനയിലായിരുന്നു കെ.വി. ആനന്ദ്. മാദ്ധ്യമ പ്രവർത്തകനും കെ.വി. ആനന്ദിന്റെ അടുത്ത സുഹൃത്തുമായ രജനീഷാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച് കതിർ സംവിധാനം ചെയ്ത കാതൽ ദേശമാണ് കെ.വി. ആനന്ദിന് തമിഴ് സിനിമയിൽ ഛായാഗ്രഹകനെന്ന നിലയിൽ സവിശേഷമായൊരു സ്ഥാനം നൽകിയത്.കാതൽ ദേശം ചെയ്യാൻ പുതിയൊരു കാമറാമാനെ തേടുന്ന സമയത്താണ് മലയാളത്തിൽ പ്രിയദർശന്റെ ചിത്രം ചെയ്ത ആനന്ദിനെപ്പറ്റി നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ കേൾക്കുന്നത്. മിടുക്കനാണെന്ന് പ്രിയൻ പറഞ്ഞെങ്കിലും തനിക്കും ആ മിടുക്ക് ബോദ്ധ്യപ്പെട്ടുവെന്ന് കെ.ടി. കുഞ്ഞുമോൻ ഓർക്കുന്നു.

ബോളിവുഡിൽ ജോഷ്, നായക്ക് - ദ റിയൽ ഹീറോ, കാക്കി, ദ ലെജൻഡ് ഒഫ് ഭഗത് സിംഗ്, തമിഴിൽ ശിവാജി, ബോയ്‌സ്..... കെ.വി. ആനന്ദ് കാമറ കൊണ്ട് ഇന്ദ്രജാലം കാണിച്ച എത്രയെത്ര ചിത്രങ്ങൾ.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിലാണ് കെ.വി. ആനന്ദിന്റെ സംസ്കാരം നടന്നത്. അമ്പത്തിനാല് വയസായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K. V ANAD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.