മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും ടൈൻ ടോം ചാക്കോയും. ലൂസിഫറിൽ ഇവർ അഭിനയിച്ചിരുന്നില്ല. ഇതാദ്യമായാണ് ഷറഫുദ്ദീൻ മോഹൻലാൽ സിനിമയുടെ ഭാഗമാകുന്നത്. അതേസമയം തിരുവനന്തപുരത്ത് എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഞ്ജു വാര്യർ, സായ്കുമാർ, നന്ദു തുടങ്ങിയവരുടെ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. മോഹൻലാൽ, ടൊവിനോ തോമസ് എന്നിവരും ഈ ഷെഡ്യൂളിലുണ്ട്. കൊച്ചിയിലും കുട്ടിക്കാനത്തും അബുദാബിയിലും ഗുജറാത്തിലും ചിത്രീകരണമുണ്ട്. 35 ദിവസത്തെ ചിത്രീകരണമാണ് ഗുജറാത്തിൽ. 10 ദിവസത്തെ ചിത്രീകരണം കുട്ടിക്കാനത്ത്. ജൂൺ 15 ന് ഗുജറാത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, സച്ചിൻ ഖാദേഖർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എമ്പുരാൻ റിലീസ് ചെയ്യും. മുരളി ഗോപിയാണ് രചന. ഛായാഗ്രഹണം സുജിത് വാസുദേവ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ലൈയ്കയും ചേർന്നാണ് നിർമ്മാണം. മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ. അതിനു കാരണം പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫർ എന്ന ആദ്യ ഭാഗം ഉണ്ടാക്കിയ തരംഗം തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |