ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങൾ.
പൃഥ്വിരാജും ദുൽഖറും ഫഹദ് ഫാസിലും നിവിൻപോളിയും കുഞ്ചാക്കോ ബോബനും ഉണ്ണിമുകുന്ദനും ഷൈൻ ടോം ചാക്കോയുമെല്ലാം മലയാളത്തിലെ തിരക്കിനൊപ്പം മറ്റ് ഭാഷകളിലും സജീവമാണ്.
മാർക്കറ്റ് വാല്യു വർദ്ധിപ്പിക്കാനും പാൻ ഇന്ത്യൻ താരങ്ങളെന്ന പേര് നേടാനും ഇതര ഭാഷകളിലെ അഭിനയം സഹായകരമാകുമെന്നതിനാൽ നമ്മുടെ യുവതാരങ്ങൾക്കെല്ലാം ഇതര ഭാഷാചിത്രങ്ങളിലഭിനയിക്കാൻ ഇഷ്ടമാണ്. മോഹിപ്പിക്കുന്ന പ്രതിഫലമാണ് നമ്മുടെ യുവതാരങ്ങളുടെ ഇതര ഭാഷാ പ്രണയത്തിന്റെ മറ്റൊരു രഹസ്യം.
കെ.ജി.എഫ് സംവിധായകന്റെ തെലുങ്ക്ചിത്രത്തിലേക്ക്
പൃഥ്വിരാജിന് ക്ഷണം
കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ സലാറിലേക്ക് പൃഥ്വിരാജിന് ക്ഷണം. പ്രഭാസ് നായകനാകുന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷം അവതരിപ്പിക്കാനുള്ള ഓഫർ സ്വീകരിക്കണോ വേണ്ടയോ എന്ന തീരുമാനം പൃഥ്വിരാജ് ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നാണ്അറിവ്. സംവിധായകൻ പ്രശാന്ത് നീലുമായി പൃഥ്വിരാജ് ആദ്യഘട്ട ചർച്ച നടത്തിക്കഴിഞ്ഞുവെന്നും സൂചനയുണ്ട്.
തമിഴിൽ കനാകണ്ടേൻ, പാരിജാതം, മൊഴി, ശത്തം പോടാതെ, കണ്ണാമൂച്ചി ഏനെടാ, വെള്ളിത്തിരൈ, നിനൈത്താലേ ഇനിയും, രാവണൻ, കാവ്യ തലൈവൻ എന്നീ ചിത്രങ്ങളിലും ബോളിവുഡിൽ അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങളിലുമഭിനയിച്ചിട്ടുള്ള പൃഥ്വിരാജ് തെലുങ്കിൽ പൊലീസ് പൊലീസ് എന്ന ഒറ്റ ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ.
ബോളിവുഡിലും തമിഴിലും തെലുങ്കിലും വീണ്ടും ദുൽഖർ
മലയാളത്തിന്റെ യൂത്ത് ഐക്കൺ ആയ ദുൽഖർ സൽമാന് മലയാളത്തിനൊപ്പം ഇതര ഭാഷകളിലും തിരക്കോട് തിരക്കാണ്.
പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ സംവിധായികയാകുന്ന തമിഴ് ചിത്രം ഹേയ് സിനാമികയും ഹാനു രാഘവുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് പീര്യഡ്ഡ്രാമയും പൂർത്തിയാക്കിക്കഴിഞ്ഞ ദുൽഖർ ഇപ്പോൾ മുംബയിൽ ആർ. ബാൽക്കി സംവിധാനം ചെയ്യുന്ന ചുപ് എന്ന ബോളിവുഡ് സൈക്കോളജിക്കൽ ത്രില്ലറിലഭിനയിച്ച് വരികയാണ്.
ചീനികം, പാ, ഷമിതാഭ്, കീ ആൻഡ് കാ, പാഡ്മാൻ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായക ആർ. ബാൽക്കിയുടെ ചുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ ഞായറാഴ്ചയാണ് പുറത്തുവിട്ടത്.
സണ്ണി ഡിയോൾ, പൂജാഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർവാൻ, ദ സോയാഫാക്ടർ എന്നിവയാണ് ദുൽഖർ ഇതിന് മുമ്പ് അഭിനയിച്ച ബോളിവുഡ് ചിത്രങ്ങൾ.
റൊമാന്റിക്ക് കോമഡി ചിത്രമായ ഹേയ് സിനാമികയിൽ കാജൽ അഗർവാളും അതിഥിറാവു ഹൈദരിയുമാണ് ദുൽഖറിന്റെ നായികമാർ. മദൻകാർക്കിയുടേതാണ് രചന. ഗോവിന്ദ് വസന്ത സംഗീതസംവിധാനം നിർവഹിക്കുന്നു.
ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി നിർമ്മിച്ച വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സ്വപ്ന സിനിമയുടെ ബാനറിൽ പ്രിയങ്കാ ദത്താണ് ദുൽഖറിന്റെ തെലുങ്ക് ചിത്രം നിർമ്മിക്കുന്നത്.
ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ഈ പീര്യഡ് ഡ്രാമ ഒരുങ്ങുന്നത് 1960കളുടെ പശ്ചാത്തലത്തിലാണ്. ദുൽഖർ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മൃണാൾ താക്കൂറാണ് നായിക. പ്രണിത പട്നായിക്ക് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാൽ ചന്ദ്രശേഖറിന്റേതാണ് സംഗീതം.
തമിഴിലും തെലുങ്കിലും
ഫഹദ് ഫാസിൽ
അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രമായ പുഷ്പയുടെ ആദ്യ ഭാഗം പൂർത്തിയാക്കിയ ഫഹദ് ഫാസിൽ ഇപ്പോൾ കമലഹാസനും വിജയ് സേതുപതിക്കും ഒപ്പം തമിഴ് ചിത്രമായ വിക്രത്തിലഭിനയിച്ച് വരികയാണ്. മാനഗരവും കൈദിയും മാസ്റ്ററും ഒരുക്കിയ ലോകേഷ് കനകരാജാണ് വിക്രത്തിന്റെ സംവിധായകൻ. തമിഴിൽ വേലൈക്കാരൻ, സൂപ്പർ ഡീലക്സ് എന്നീ ചിത്രങ്ങളിലഭിനയിച്ച് കഴിഞ്ഞ ഫഹദിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വിക്രം.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പുഷ്പയിൽ ബൻവർ സിംഗ് ഷെഖാവത്ത് എന്ന നെഗറ്റീവ് ടച്ചുള്ള പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദിന്. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ ആദ്യ ഭാഗം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.
നിവിൻപോളി
വീണ്ടും തമിഴിൽ
തമിഴിലും മലയാളത്തിലുമായി ഒരുങ്ങിയ റിച്ചിക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിലഭിനയിക്കുന്നു.പ്രേക്ഷക പ്രീതിയും പുരസ്കാരങ്ങളും വാരിക്കൂട്ടിയ പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം രാമേശ്വരത്ത്പുരോഗമിക്കുകയാണ്. വി ഹൗസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ അഞ്ജലിയും സൂരിയുമാണ്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.
കുഞ്ചാക്കോ ബോബൻ
തമിഴിൽ
തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒറ്റ് എന്ന പേരിൽ മലയാളത്തിലും രണ്ടകം എന്ന പേരിൽ തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ അരവിന്ദ് സ്വാമിയാണ് മറ്റൊരു നായകൻ. ഇഷ റെബ്ബയാണ് നായിക. ജാക്കിഷ് റോഫ് മറ്റൊരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
തീവണ്ടിക്ക് ശേഷം ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനുംദ ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ചേർന്നാണ്.ഗോവയിൽ ആദ്യഘട്ടചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ അവസാന ഘട്ടചിത്രീകരണം മുംബയിൽ നാളെ പൂർത്തിയാകും.
ഉണ്ണിമുകുന്ദൻ
വീണ്ടും തെലുങ്കിൽ
മോഹൻലാലിനൊപ്പമഭിനയിച്ച ജനതാ ഗാരേജിനും, ജയറാമിനും അനുഷ്ക്ക ഷെട്ടിക്കുമൊപ്പമഭിനയിച്ച ബാഗമതിക്കും ശേഷം ഉണ്ണിമുകുന്ദൻ വീണ്ടും തെലുങ്കിലഭിനയിക്കുന്നു. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന രവിതേജ ചിത്രമായ ഖിലാഡിയിൽശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണിമുകുന്ദൻ രമേശ് വർമ്മയുടെ പുതിയ ചിത്രത്തിൽ നായകനാകാനുള്ള തയ്യാറെടുപ്പിലാണ്.
വിജയിനൊപ്പം
ഷൈൻ ടോം ചാക്കോ
വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിലൂടെ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഷൈൻ ടോം ചാക്കോ. മെഗാഹിറ്റിലേക്ക് കുതിക്കുന്ന ശിവകാർത്തികേയൻ ചിത്രം ഡോക്ടറിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്നബീസ്റ്റിൽ മറ്റൊരു മലയാളി നടന് നീക്കിവച്ചിരുന്ന വേഷമാണ് ഒടുവിൽ ഷൈൻ ടോം ചാക്കോയെ തേടിവന്നതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |