ശ്രീനിവാസനെ വീട്ടിൽ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് സ്മിനു സിജോ. 'ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്തത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ ആരോഗ്യവാനാണ്. ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി. സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ച വിമലാന്റി, കണ്ട ഉടനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും. ധ്യാനിന്റെ ഇന്റർവ്യൂ തമാശകൾ പറയുമ്പോൾ മതിമറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷം കണ്ടു. ശ്രീനിയേട്ടനെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെ കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളാണ്. പൂർണ ആരോഗ്യവാനായി എഴുതുന്ന തിരക്കഥയെപ്പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം, ആത്മവിശ്വാസം, അതുമാത്രം മതി നമ്മൾ മലയാളികൾക്ക്. നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചുവരവിന്.' സ്മിനു കുറിച്ചു. സ്കൂൾ ബസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന സ്മിനു, ഞാൻ പ്രകാശൻ എന്ന സിനിമയിൽ ശ്രീനിവാസന്റെ ഭാര്യവേഷം അവതരിപ്പിച്ചിട്ടുണ്ട്. സുന്ദരി ഗാർഡൻസ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |