ഉർവശിയും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒന്നിക്കുന്നത്.അർജുൻ രാധാകൃഷ്ണൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഉർവശിക്കും പാർവതിക്കും ഒപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് അർജുൻ രാധാകൃഷ്ണൻ അവതരിപ്പിക്കുന്നത്.
പട എന്ന ചിത്രത്തിൽ ബന്ദിയാക്കപ്പെട്ട കളക്ടർ വേഷം അവതരിപ്പിച്ച നടനാണ് അർജുൻ. കാമുകി, കന്യക, സ്വീറ്റ് ഹാർട്ട് തുടങ്ങി ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയ ക്രിസ്റ്റോ ടോമി തന്റെ മുത്തച്ഛന്റെ മരണവും മരണാനന്തര ചടങ്ങുകളുമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ രചനയും സംവിധായകൻ ക്രിസ്റ്റോ ടോമിയുടേതാണ്. ഷെബിൻ ബെൻസൻ, അലൻസിയർ എന്നിവരാണ് മറ്റു താരങ്ങൾ. ആർ.എസ്.വി.പി മൂവിസിന്റെയും മാക് ഗുഷിൻ പിക്ചേഴ്സിന്റെയും ബാനറിലാണ് നിർമ്മാണം.
അതേസമയം ലിജിൻ ജോസ് സംവിധാനം ചെയ്ത ഹേർ എന്ന ചിത്രത്തിലാണ് ഉർവശിയും പാർവതി തിരുവോത്തും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ ഐശ്വര്യ രാജേഷ്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ചു സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ചിത്രത്തിൽ ശാന്ത എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. പാർവതി രുചി എന്ന കഥാപാത്രത്തെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |