SignIn
Kerala Kaumudi Online
Friday, 26 April 2024 10.22 PM IST

സർവം നിറയും സൂര്യൻ

ee

ഭൂമിയിലെ എല്ലാ ഊർജത്തിന്റേയും പ്രധാനസ്രോതസ് സൂര്യനാണൈന്ന് അറിയാമല്ലോ. സൂര്യപ്രകാശത്തിലെ ഊർജത്തെ പ്രകാശസംശ്ലേഷണത്തിലൂടെ രാസോർജമാക്കി മാറ്റി ചെടികൾ അവയുടെ ഇലയിലും കാണ്ഡത്തിലും ഫലങ്ങളിലുമായി സംഭരിക്കുന്നു. സത്യത്തിൽ സൗരോർജത്തെ നേരിട്ട് സ്വീകരിക്കാൻ കഴിയുന്ന ഏക ജീവിവർഗം ചെടികൾ മാത്രമാണ്. ചെടികളുടെ ഭാഗങ്ങൾ ആഹാരമാക്കിയവരിലേയ്ക്കും അവരെ ആഹാരമാക്കുന്നവരിലേയ്ക്കും അങ്ങനെ സൗരോർജം എത്തപ്പെടുന്നു. ഭൂമിയിലെ എല്ലാ ജീവികളെയും ചലിപ്പിക്കുന്നതും സൗരോർജം തന്നെ. ഇനി മോട്ടോർവാഹനങ്ങൾ എങ്ങനെ ചലിക്കുന്നുവെന്നുനോക്കാം. അവയുടെ പ്രധാന ഇന്ധനം പെട്രോളിയം ഉത്പന്നങ്ങളാണ്. അവ രൂപപ്പെടുന്നത് പണ്ടുകാലത്ത് ജീവിച്ചിരുന്ന ജീവജാലങ്ങളുടെ മൃതാവശിഷ്ടങ്ങളിൽനിന്നുമാണ്. അതായത് അവർ ജീവിച്ചിരുന്ന കാലത്ത് ആഹരിച്ചിരുന്ന വസ്തുക്കളിൽനിന്ന് ശരീരത്തിൽ ലഭ്യമായ ഊർജമാണ് പെട്രോളിയം ഉത്പന്നങ്ങളിൽകൂടി ലഭ്യമാകുന്നത് എന്നർത്ഥം! അതായത് വാഹനങ്ങളെ ചലിപ്പിക്കുന്നതും സൗരോർജം തന്നെ.

വൈദ്യുതി വരുന്ന വഴി

ഇനി വാഹനങ്ങളേയും മറ്റുയന്ത്രങ്ങളേയും ചലിപ്പിക്കുന്ന വൈദ്യുതോർജം എവിടെനിന്നുവരുന്നു എന്ന് നോക്കാം. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളിലൂടെയോ താപനിലയങ്ങൾ, ആണവനിലയങ്ങൾ വഴിയോ കാറ്റിൽ നിന്നോ തിരമാലകളിൽ നിന്നോ ഒക്കെയാണ്. കടലിലെ ജലം സൂര്യതാപത്താൽ ബാഷ്പീകരിച്ച് മുകളിലേക്കുയർന്നാണ് മേഘങ്ങളുണ്ടാകുന്നത്. അതായത് സൂര്യനിൽ നിന്നും ലഭ്യമാകുന്ന ഊർജം ഉപയോഗിച്ചാണ് കടലിൽകിടന്ന വെള്ളം ഉയരത്തിലെത്തുന്നത്. ഇത് പൊട്ടൻഷ്യൽ എനർജിയായി മേഘങ്ങളിൽ സംഭരിക്കുന്നു. മഴവെള്ളം ഉയർന്നപ്രദേശങ്ങളിലെ ഡാമുകളിൽഎത്തുമ്പോഴും അതിൽ ഉയർന്ന പൊട്ടൻഷ്യൽ എനർജിയുടെ ഒരുഭാഗം കാണപ്പെടും. ഈ ഊർജമാണ് ജനറേറ്ററിനെ കറക്കുന്നത്. അഥവാ ഇവിടെ ഉണ്ടാകുന്ന വൈദ്യുതോർജത്തിനുപിന്നിലും സൂര്യൻ തന്നെ. ഇനി കൽക്കരിയോ പ്രകൃതിവാതകങ്ങളോ കത്തിച്ച് ടർബൈൻ കറക്കിയാലും അവിടെ സംഭരിക്കപ്പട്ട സൗരോർജം തന്നെയല്ലേ വൈദ്യുതിയായി മാറുന്നത്?!

ചലനത്തിന് പിന്നിലെ സൂര്യൻ

കാറ്റുണ്ടാക്കുന്നതും തിരമാലകൾ സൃഷ്ടിക്കുന്നതും സൂര്യതാപമാണെന്ന് നമുക്കറിയാം. അതിനാൽ അത്തരം വൈദ്യുത ഉത്പാദനരീതികളുടെ പിന്നിലും സൗരോർജം തന്നെയാണ്. ഇനി ആണവനിലയങ്ങളുടെ കാര്യമെടുക്കാം. ഇവിടെ ആറ്റങ്ങളുടെ കേന്ദ്രത്തെ വിഭജിക്കുമ്പോൾ ലഭ്യമാകുന്ന ഊർജമാണ് ഉപയോഗപ്പെടുത്തുന്നത്. പ്രപഞ്ചത്തിലെ ദ്രവ്യം മുഴുവൻ രൂപപ്പെടുന്നത് മഹാവിസ്‌ഫോടനത്തിലൂടെയാണ്. അന്ന് സൂര്യനിൽനിന്നും തെറിച്ച് പോകുന്നകണങ്ങളിൽ സംഭരിച്ചുവച്ച ഊർജമാണ് ആണവ വിസ്‌ഫോടനങ്ങളിൽ പുറത്ത് വരുന്നത്. ചുരുക്കി പറഞ്ഞാൽ ഭൂമിയിലെ സർവചരാചരങ്ങളുടെ ചലനത്തിനു പിന്നിലും സൂര്യനാണെന്നു കാണാം. ഇനി എന്തുകൊണ്ടാണ് കൂടുതൽ ഊർജ ഉത്പാദനവും വൈദ്യുതരൂപത്തിൽ ആകുന്നത് എന്നുനോക്കാം. ഏറ്റവും സൗകര്യപ്രദമായി ഉത്പാദിപ്പിക്കാൻ കഴിയുന്നത് വൈദ്യുതോർജമാണ്. മാത്രമല്ല ദൂരസ്ഥലങ്ങളിലേയ്‌ക്ക് അതിനെ എത്തിക്കാനും എളുപ്പമാണ്. താപോർജത്തിനെയോ മറ്റ് ഊർജരൂപങ്ങളേയോ ഇങ്ങനെ ദൂരസ്ഥലങ്ങളിലേയ്‌ക്കെത്തിക്കുക പ്രയാസകരമാണ്.

വൈദ്യുതിയും ലോകവും

വൈദ്യുതോർജത്തിന്റെ ഏറ്റവും വലിയപ്രത്യേകത അതിനെ മറ്റ് ഊർജരൂപങ്ങളായി മാറ്റുവാനുള്ള അനായാസതയാണ്. ഫാനിലും മോട്ടോറുകളിലും അത് ഗതികോർജമായി മാറ്റപ്പെടുന്നു. ഇസ്തിരിപ്പെട്ടിയിലും ഇൻഡക്ഷൻകുക്കറിലും അത് താപോർജമാവുന്നു. ലൈറ്റുകളിൽ അത് പ്രകാശോർജമാവുന്നു. ഇൻവർട്ടർ ബാറ്ററികളിൽ അത് രാസോർജ്ജമായി സംഭരിക്കപ്പെടുന്നു. ഈ മാറ്റത്തിന്റെ അനായാസതയാണ് ഏറ്റവുംകൂടുതൽ ഉപയോഗിക്കപ്പെടുന്ന ഊർജരൂപമായി വൈദ്യുതിമാറിയതിന്റെ കാരണവും. വൈദ്യുതിയില്ലാത്ത ഒരുലോകം ഇന്ന് നമുക്ക് സങ്കൽപ്പിക്കുക പോലും സാദ്ധ്യമല്ല. മനുഷ്യജീവിതത്തെ എളുപ്പമാക്കുന്ന എല്ലാഗാർഹിക ഉപകരണങ്ങളും വൈദ്യുതിയാൽ പ്രവർത്തിക്കുന്നവയാണ്. എല്ലാ വ്യാവസായിക ഉത്പാദനങ്ങളും വൈദ്യുതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. മൊബൈൽ കമ്മ്യൂണിക്കേഷൻ അടക്കമുള്ള എല്ലാ ടെലികമ്യൂണിക്കേഷനും വൈദ്യുതാശ്രയികളാണ്. ലോകത്തെ മാറ്റിമറിച്ച ഏറ്റവും വലിയ കണ്ടുപിടിത്തം നടത്തിയത് വൈദ്യുതിയുടെ പിതാവായ മൈക്കിൽ ഫാരഡെ തന്നെയാണ്. വൈദ്യുതപ്രവാഹത്തിന്റെ വിവിധഫലങ്ങളെപ്പറ്റിയാണ് പത്താംതരത്തിലെ ഊർജതന്ത്രം ഒന്നാം അദ്ധ്യായത്തിൽ പഠിക്കുന്നത്. (രാജകുമാരി എൻ.എസ്.എസ് കോളേജ് പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇലക്ട്രോണിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CLASSROOM, PHYSICS
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.