കൊച്ചി: സംസ്ഥാനത്തെ നാലുവർഷ ബിരുദ കോഴ്‌സുകളുടെ ആദ്യ സെമസ്റ്റർ പരീക്ഷകൾ മാറ്റിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ അഞ്ച് മുതൽ 25 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ നവംബർ 20 മുതൽ ഡിസംബർ എട്ട് വരെ നടത്തും. മുൻ നിശ്ചയപ്രകാരം ഡിസംബർ 22ന് തന്നെ ഫലപ്രഖ്യാപനമുണ്ടാകും.
വയനാട് ദുരന്തം, മഴ എന്നിവയാൽ സ്വയംഭരണ കോളേജുകളിലടക്കം ആവശ്യത്തിന് ക്ലാസ് ലഭിക്കാത്ത സാഹചര്യം, എല്ലാ സർവകലാശാലകളിലും ഒരേസമയം പരീക്ഷ നടക്കേണ്ടതിന്റെ അനിവാര്യത, പ്രവേശന പ്രക്രിയ വൈകൽ എന്നിവ പരിഗണിച്ചാണ് പരീക്ഷാ മാറ്റം.
നാലുവർഷ കോഴ്‌സ് സംബന്ധിച്ച് കോളേജ് അദ്ധ്യാപകർക്കുമുള്ള പരിശീലനം 2025 ഫെബ്രുവരി 28നകം പൂർത്തിയാക്കും. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് ലാംഗ്വേജസ്, കൊമേഴ്‌സ് വിഭാഗങ്ങളിലാണ് പരിശീലനം നൽകുക.
സ്‌കിൽ ഡെവലപ്‌മെന്റ് കേന്ദ്രങ്ങൾ
നാലു വർഷ ബിരുദത്തിൽ തൊഴിൽപരമായ ഘടകങ്ങൾകൂടി ചേർത്ത് പുതിയ ബിരുദങ്ങൾ രൂപകല്പന ചെയ്യാൻ വിദ്യാർത്ഥികളെ സഹായിക്കാനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ് (സി.എസ്.ഡി.സി.സി.പി) കേന്ദ്രങ്ങൾ തുടങ്ങും.
ഉന്നതവിദ്യാഭ്യാസ കൗൺസിൽ എംപാനൽ ചെയ്ത അംഗീകൃത പ്രൊഫഷണൽ സ്‌കില്ലിംഗ് ഏജൻസികളുടെ സഹകരണത്തോടെയാകും കേന്ദ്രങ്ങൾ. അസാപ്, ഐ.എച്ച്.ആർ.ഡി, സി.സി.ഇ.കെ, കെൽട്രോൺ, ഐ.സി.ടി അക്കാഡമി എന്നിവയെ സി.എസ്.ഡി.സി.സി.പി തുടങ്ങാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ എംപാനൽ ചെയ്തിട്ടുണ്ട്.
വിദേശ പഠനം: ഏജൻസികളെ
നിയന്ത്രിക്കാൻ ബിൽ
വിദേശപഠനത്തിന് വിദ്യാർത്ഥികളെ കയറ്റി അയയ്‌ക്കുന്ന ഏജൻസികളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |