
കോട്ടയം: എ.ബി.വി.പി സംസ്ഥാന അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനേയും, സെക്രട്ടറിയായി യദുകൃഷ്ണനേയും തിരഞ്ഞെടുത്തു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന എ.ബി.വി.പിയുടെ 41-ാമത് സംസ്ഥാന സമ്മേളനത്തിലാണ് ഇരുവരേയും തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് തവണയും വൈശാഖ് തന്നെയായിരുന്നു സംസ്ഥാന പ്രസിഡന്റ്. യദുകൃഷ്ണൻ കഴിഞ്ഞ തവണ ജോയിന്റ് സെക്രട്ടറിയായിരുന്നു.
സംസ്ഥാന സമ്മേളനം എ.ബി.വി.പി ദേശീയ സെക്രട്ടറി ശ്രാവൺ ബി.രാജ് ഉദ്ഘാടനം ചെയ്‌തു. രാജ്യത്തെ ജെൻസി തലമുറ ദേശീയതയ്ക്ക് ഒപ്പമാണെന്ന് രാജ്യത്തെസർവകലാശാലാ തിരഞ്ഞെടുപ്പുകൾ തെളിയിച്ചെന്നും ദേശീയതയുടെ ഉറച്ച ശബ്ദം കേരളത്തിലും ശക്തി ആർജ്ജിച്ചു കഴിഞ്ഞെന്നും ശ്രാവൺ ബി. രാജ് പറഞ്ഞു. ഡോ. വൈശാഖ് സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ സെക്രട്ടറി അഡ്വ.ബി.അശോക്, സ്വാഗത സംഘം ചെയർമാൻ ഡോ.സി.ഐ ഐസക് എന്നിവർ സംസാരിച്ചു.
ഓപ്പറേഷൻ സിന്ദൂർ എന്ന വിഷയത്തിൽ മുൻ സൈനിക ഉദ്യോഗസ്ഥനും സംവിധായകനുമായ മേജർ രവി സംസാരിച്ചു. ഇന്ന് വന്ദേമാതരത്തിന്റെ 150-ാം വാർഷികവുമായി ബന്ധപ്പെട്ട സെമിനാർ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ നയിക്കും. 11ന് കോട്ടയം നാഗമ്പടം സ്റ്റാൻഡിലേക്ക് വിദ്യാർത്ഥി റാലിയും തുടർന്ന് റീട്രീറ്റ് സെന്ററിൽ പൊതുസമ്മേളനവും നടക്കും.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ ആലപ്പുഴ സനാതന ധർമ കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനാണ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യദു കൃഷ്ണൻ കോഴിക്കോട് ഗവ.ലോ കോളേജ് വിദ്യാർത്ഥിയാണ്. സംഘടന തിരഞ്ഞെടുപ്പ് വരണാധികാരി ഡോ.എം.നാഗലിംഗം തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |