തിരുവനന്തപുരം: ഇരുട്ടിന്റെ മറവിൽ പന്നിപ്പടക്കം എറിഞ്ഞ സി.പി.എം നേതാക്കളെപ്പോലെ പെരുമാറില്ലെന്നും വെളിച്ചത്ത് തിരിച്ചടിക്കുമെന്നും എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ശ്രീഹരി പറഞ്ഞു. എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീഹരി. എ.ബി.വി.പി എന്ന വിദ്യാർത്ഥിസംഘടന എല്ലാക്കാലവും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആയിരിക്കുകയില്ല. നിവേദനം നൽകാനെത്തിയവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഇടത് സംസ്കാരമാണ്. സി.പി.എമ്മിന്റെ ഗുണ്ടായിസത്തിന് മറുപടി സമാധാനമായിരിക്കില്ലെന്നും ശ്രീഹരി പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.മനോജ്, ജില്ലാ പ്രസിഡന്റ് സന്ദീപ്, ജില്ലാ സെക്രട്ടറി സ്റ്റെഫിൻ എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫ് വികസന ജാഥയ്ക്കിടെ വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിനെ എ.ബി.വി.പി പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചായിരുന്നു സി.പി.എമ്മിന്റെ മറുപടി അക്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |