തിരുവനന്തപുരം:വിജിലൻസ് അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം. ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ മാറ്റിയേക്കും.
അനധികൃത സ്വത്ത്, കൈക്കൂലി, സ്വർണക്കടത്ത് അടക്കമുള്ള പരാതികളിലാണ് വിജിലൻസ് അന്വേഷണം.
എ.ഡി.ജി.പിയെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്ന സി.പി.ഐ, പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ, മുഖ്യമന്ത്രിയുടെ ന്യായവാദങ്ങളെയാണ് തള്ളിപ്പറഞ്ഞത് . മറ്റൊരു കക്ഷിയായ ആർ.ജെ.ഡിയും സി.പി.ഐക്ക് പിന്തുണ നൽകുകയാണ്. പൂരം പ്രശ്നത്തിലും സി.പി.ഐയക്ക് കടുത്ത അതൃപ്തിയുണ്ട്.
തൃശ്ശൂർ പൂരം കലക്കൽ വിവാദത്തിൽ അന്വേഷണം നടത്താൻ എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായി അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അങ്ങനെയൊരു അന്വേഷണം ഇല്ലെന്ന പൊലീസിന്റെ വിവരാവകാശ മറുപടി കഴിഞ്ഞ ദിവസം പുറത്തുവന്നത് തിരിച്ചടിയായി.
അജിത് കുമാറിനെതിരായ കേസുകൾ അന്വേഷിക്കുന്ന സംഘത്തിൽ വിജിലൻസ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്ത ഒഴികെയുള്ള ഉദ്യോഗസ്ഥരെല്ലാം കീഴുദ്യോഗസ്ഥരാണ്. എസ്.പി ജോൺകുട്ടിയും നേരത്തേ അജിത്തിന് റിപ്പോർട്ട് ചെയ്തിരുന്നയാളാണ്. ക്രമസമാധാന ചുമതലയിലുള്ള എ.ഡി.ജി.പിയെ ചോദ്യംചെയ്യാനും മൊഴിയെടുക്കാനും വിവരശേഖരണത്തിനുമൊക്കെ പരിമിതിയുണ്ടാവും.
പാമോയിൽ കേസിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവുണ്ടായതിന് പിന്നാലെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന്കൈമാറിയിരുന്നു.
തെളിവുകൾ അട്ടിമറിക്കാൻ അജിത്ത് ശ്രമിക്കുന്നതായും ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കുന്നതായും പി.വി അൻവർ എം.എൽ.എ ആരോപണമുന്നയിച്ചിട്ടുണ്ട്.
സഭ ചേരുംമുമ്പേ നടപടി
1. ഡി. ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് സർക്കാർ അനുവദിച്ച 30 ദിവസത്തെ കാലാവധി ഒക്ടോബർ മൂന്നിന് കഴിയും. തൊട്ടടുത്ത ദിവസം നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. സഭ സമ്മേളിക്കുമ്പോൾ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ, അത് നിയമസഭയിൽ വയ്ക്കണമെന്നതിനാൽ ഉടൻ എ.ഡി.ജി.പിയെ മാറ്റുകയെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്താനാണ് സാദ്ധ്യത.അന്തിമ റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ, ഇടക്കാല റിപ്പോർട്ട് വാങ്ങി എ.ഡി.ജി.പിയെ മാറ്റിയേക്കും.
2. ആർ.എസ്.എസ്.നേതാക്കളുമായി എ.ഡി.ജി .പി ചർച്ചകൾ നടത്തിയതിനെ സഭയിൽ ന്യായീകരിക്കാൻ കഴിയില്ല. കാരണം, മുൻ പിണറായി സർക്കാർ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഡി.ജി.പി സെൻകുമാറിനെ മാറ്റിയതിന് കാരണമായി ബി.ജെ.പി ചായ് വ് സഭയിൽ തന്നെ ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |