
മല്ലപ്പള്ളി: നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകി സ്നേഹപ്രകാശം പരത്തിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം ഇനി നിത്യനക്ഷത്രം. രണ്ടുമാസം മുമ്പ് മാമോദീസയ്ക്ക് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ കളിച്ചും ചിരിച്ചും എല്ലാവരുടെയും മനംകവർന്ന ആലിന് അതേ പള്ളിയിൽ നിത്യനിദ്ര. തീവ്രവേദനയിലും കണ്ണീരടക്കി ഷെറിനും അരുണും ഉറ്റവരും അന്ത്യചുംബനം നൽകി.
നാനാതുറയിൽപ്പെട്ട ആയിരങ്ങളാണ് അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയാകാനെത്തിയത്. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ കാട്ടിയ മഹത്തായ കാരുണ്യത്തിനും ആദരവ്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയായി പൊലീസ് ബ്യൂഗിൾ വാദ്യവും സല്യൂട്ടും നൽകി. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവ ദാതാവാണ് ആലിൻ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതി ലഭിച്ച പ്രായം കുറഞ്ഞ കുട്ടിയുമാണ്.
ഇന്നലെ രാവിലെ 7.45ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായിട്ടാണ് മൃതദേഹം വാലുമണ്ണിൽ വീട്ടിലേക്ക് കൊണ്ടുപോയത്. 8.10ന് നെടുങ്ങാടപ്പള്ളി വൈ.എം.സിക്ക് സമീപത്തെ ഭവനത്തിലെത്തിച്ചു. വൈകിട്ട് മൂന്നു വരെയായിരുന്നു പൊതുദർശനം.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, വീണാജാേർജ്, ചീഫ് വിപ്പ് എൻ.ജയരാജ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
അന്ത്യശുശ്രൂഷകൾക്കായി 3.30ന് മൃതദേഹം സി.എസ്.ഐ പള്ളിയിലേക്ക് കൊണ്ടുപോയി. ചടങ്ങുകൾക്ക് സി.എസ്.ഐ മദ്ധ്യകേരള മഹാ ഇടവക മുൻ ബിഷപ്പ് റവ. തോമസ് സാമുവേൽ, കൊല്ലം, കൊട്ടാരക്കര മഹാഇടവക മുൻ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |