കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനുപിന്നാലെ പ്രമുഖ താരങ്ങൾ എന്തുകൊണ്ട് വോട്ട് രേഖപ്പെടുത്താനെത്തിയില്ലെന്ന ചർച്ചകൾ ഉടലെടുക്കുന്നു. ചെന്നൈയിലായതിനാൽ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താൻ എത്താൻ കഴിയില്ലെന്ന വിവരം നേരത്തെ വന്നിരുന്നു. മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് ആലി, ജയറാം, ഇന്ദ്രജിത്ത്, ഉർവശി എന്നിവരാണ് വോട്ട് ചെയ്യാനെത്താത്ത പ്രമുഖ താരങ്ങൾ.
ഇത് ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. 20 വോട്ടിനാണ് ശ്വേതാ മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയെയാണ് തിരഞ്ഞെടുത്തത്. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
ആകെ 504 അംഗങ്ങളാണ് അമ്മയിലുളളത്. ഇത്തവണ പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |