ന്യൂഡൽഹി: ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയെന്ന ആരോപണത്തിനുള്ള മറുപടിയാണ് ക്രിസ്തുമത വിശ്വാസിയായ അനിൽ ആന്റണിയുടെ പ്രവേശനമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാർട്ടി ആസ്ഥാനത്ത് അനിൽ ആന്റണിയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിൽ ആന്റണി രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം രാജ്യ താത്പര്യം ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ്. ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ അടക്കം അനിൽ ആന്റണിയുടെ ശക്തമായ നിലപാട് പൊതുസമൂഹം കേട്ടതാണ്.
നാടിന് നല്ലത് നരേന്ദ്രമോദിയുടെ നേതൃത്വം തന്നെയാണ് എന്ന സന്ദേശവും അനിലിന്റെ ബി.ജെ.പി പ്രവേശനത്തിലൂടെ നൽകുന്നു- മുരളീധരൻ പറഞ്ഞു.
മുഖ്യശത്രു ഇടതുപക്ഷമെന്ന
നിലപാടിന്റെ ഫലം: മന്ത്രി റിയാസ്
തിരുവനന്തപുരം: ആരെങ്കിലും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നതിൽ സന്തോഷം കൊള്ളുന്നവരല്ല സി.പി.എമ്മും ഇടതുപക്ഷവുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെ തുടർന്നുള്ള ഫേസ് ബുക്ക് കുറിപ്പിലായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. മതനിരപേക്ഷ ചേരി ദുർബലമാവരുതെന്ന നിലപാടാണ് തങ്ങൾക്കുള്ളത്.കേരളത്തിലെയും അഖിലേന്ത്യാ തലത്തിലെയും കോൺഗ്രസ് നേതൃത്വം സംഘടനയുടെ അവസ്ഥയെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പുനർവിചിന്തനം നടത്തണം. കോൺഗ്രസിന്റെ അന്ധമായ മാർക്സിസ്റ്റ് വിരോധം കോൺഗ്രസ് നേതാക്കളുടെ വീടുകളെ പോലും ബി.ജെ.പിയോട് അടുപ്പിക്കുകയാണ്.
ബി.ബി.സി ഡോക്യുമെന്ററി പുറത്തുവന്നതോടെയാണ് അനിൽ ആന്റണി തനിനിറം കാട്ടിയത്. ഗുജറാത്ത് വംശഹത്യയിൽ സംഘപരിവാറിന്റെ പങ്കിനെപ്പറ്റി മറിച്ചൊരു നിലപാടുള്ളയാൾക്ക് എങ്ങനെയാണ് കോൺഗ്രസിന്റെ നേതൃസ്ഥാനങ്ങൾ അലങ്കരിക്കാൻ കഴിഞ്ഞത്.
മുഖ്യശത്രു ബി.ജെ.പിയല്ല സി.പി.എമ്മാണെന്ന സമീപനം അണികൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും മുഹമ്മദ് റിയാസ് കുറിപ്പിൽ അഭ്യർത്ഥിച്ചു.
അനിൽ ആന്റണി പിതാവിനെയും
ഒറ്റുകൊടുത്തു : കെ.സുധാകരൻ
തൃശൂർ : മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത ദിവസം തന്നെ അനിൽ ആന്റണി സ്വന്തം പിതാവിനെയും കോൺഗ്രസിനെയും ഒറ്റുകൊടുത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. എ.കെ.ആന്റണിയുടെ മകൻ എന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ ആരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലുമില്ല. കൊടി പിടിച്ചിട്ടില്ല, പോസ്റ്റർ ഒട്ടിച്ചിട്ടില്ല, മുദ്രാവാക്യം വിളിച്ചില്ല. പാർട്ടിക്കായി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ടുപോയിട്ടില്ല. പാർട്ടിക്കായി വിയർപ്പ് പൊഴിക്കാത്തയാളാണ് അനിൽ. ആന്റണിയുടെ മകനായതിനാലാണ് അയാൾ കോൺഗ്രസുകാരനെന്ന് പറയുന്നത്. രാഷ്ട്രീയം വ്യക്തിഗതമാണ്. ഒരു കുടുംബത്തിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയമുള്ളവർ മുമ്പുമുണ്ടായിട്ടുണ്ട്. കോൺഗ്രസ് വിട്ടവരുടെ ദയനീയാവസ്ഥ പരിശോധിക്കാവുന്നതാണ്. അനിൽ ബി.ജെ.പിയിൽ ചേർന്ന വിവരമറിഞ്ഞ് ആന്റണിയുമായി സംസാരിച്ചെന്നും മക്കളുടെ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.
രാഷ്ട്രീയ
ആത്മഹത്യ: ഹസൻ
തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. അനിൽ കോൺഗ്രസ് വിട്ടത് കേരളത്തിൽ ഒരു ചലനവുമുണ്ടാക്കില്ല.
കോൺഗ്രസിന്
ഒന്നും സംഭവിക്കില്ല. :
വി.ഡി.സതീശൻ
തിരുവനന്തപുരം:മകൻ ബി.ജെ.പിയിൽ ചേർന്നതുകൊണ്ട് എ.കെ. ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദർശ ധീരതയ്ക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനും ഒന്നും സംഭവിക്കില്ല. കോൺഗ്രസിനോ പോഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും കൃത്യമായി നിർവഹിച്ചിരുന്നില്ല.
അനിലിന്റെ തീരുമാനം
അപക്വം: ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ.പിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം അപക്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയെ അറിയുന്ന ഒരാളും അതിൽ ചേരില്ല. രാജ്യത്തെ മതേതരത്വത്തെ തകർത്ത് ഭരണഘടനയെ ദുർബലപ്പെടുത്തുന്ന ബി.ജെ.പിക്ക് എതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമാണിത്. തീരുമാനം അബദ്ധമായിരുന്നുവെന്ന് കാലം തെളിയിക്കും.
മക്കൾ മുതിർന്നാൽ
നിയന്ത്രിക്കാനാകില്ല:
പദ്മജ
തിരുവനന്തപുരം: ''പ്രായമായ മക്കളെ മാതാപിതാക്കൾക്ക് നിയന്ത്രിക്കാനാകില്ല. എന്തുകൊണ്ട് അനിൽ പോയെന്ന് പാർട്ടി പഠിക്കണം. ആന്റണിയ്ക്ക് എല്ലാം കിട്ടിയപ്പോൾ തനിക്ക് ഒന്നും കിട്ടിയില്ലെന്ന തോന്നലും അനിലിന് ഉണ്ടായിരിക്കാം. ""-അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |