
തിരുവനന്തപുരം: ഐ.ടി സ്ഥാപനങ്ങളിലടക്കം സ്വകാര്യ മേഖലയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരും നിലവിലുള്ള ജീവനക്കാരും നിർബന്ധമായും ലഹരി വിരുദ്ധ പ്രതിജ്ഞ എഴുതിഒപ്പിട്ട് നൽകണമെന്ന് പൊലീസ് നിർദ്ദേശം. ജോലി സമയത്ത് നിശ്ചിത ഇടവേളകളിൽ സ്ഥാപനം നടത്തുന്ന പരിശോധനയ്ക്ക് വിധേയമാകാമെന്ന സമ്മതപത്രവും നൽകണം. ജോലിക്കിടയിൽ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ പിരിച്ചുവിടൽ അടക്കം നടപടി സ്വീകരിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. ജനുവരി ഒന്നുമുതൽ നടപ്പാക്കും.
അടുത്ത ഘട്ടത്തിൽ സർക്കാർ ഓഫീസുകളിലടക്കം വ്യാപിപ്പിക്കും. യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ടാണിത്. മയക്കുമരുന്ന് ദുരുപയോഗം തടയൽ (പ്രിവൻഷൻ ഒഫ് ഡ്രഗ് അബ്യൂസ് - പോഡാ) എന്ന പരസ്പര സഹകരണ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദക്ഷിണമേഖല ഐ.ജി ശ്യാംസുന്ദർ അറിയിച്ചു.
ചേംബർ ഒഫ് കോമേഴ്സ്, ജി- ടെക്ക്, ഫിക്കി, സി.ഐ.ഐ, യംഗ് ഇന്ത്യൻസ് തുടങ്ങിയ സ്വകാര്യ മേഖലയിലെ വിവിധ സംഘടനകളുമായി ധാരണയായി.
കൂടുതലും 25-35
വയസുകാർ
സാമ്പത്തിക സ്ഥിരതയുള്ള 25-35 വയസു വരെ പ്രായമുള്ളവരിലാണ് മയക്കുമരുന്ന് ഉപയോഗം കൂടുതലെന്ന് പൊലീസ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഭൂരിഭാഗം പേരും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |