പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് സർക്കാർ. കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്ന് ഇനിയൊരു നിർദ്ദേശമുണ്ടാവുകയും ആ സ്ഥലത്തെ ജനങ്ങൾ എതിർപ്പുമായി വരികയാണെങ്കിൽ സർക്കാരിന് പുനഃപരിശോധനാ ഹർജി നൽകാൻ മാത്രമേ സമയമുണ്ടാകൂ. ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് ആർക്കും സന്തോഷമുള്ള കാര്യമല്ലല്ലോയെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ നിയമവഴിയിലൂടെ തന്നെ പരിഹാരം തേടേണ്ടതാണ്. നിയമവഴി തേടാനുള്ള പറമ്പിക്കുളംകാരുടെ നിലപാട് സ്വാഗതാർഹമാണ്. അല്ലാതെ ജനകീയ സമരം കൊണ്ട് കോടതി വിധിയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ നാളെ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. പഞ്ചായത്തു പരിധിയിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ നടത്തുക.
അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് കെ. ബാബു എം.എൽ.എയുടെ ആഭിമുഖ്യത്തിൽ സർവകക്ഷികളുടെയും രാഷ്ട്രീയ സമൂഹിക പ്രർത്തകരുടെയും പറമ്പിക്കുളത്തെ ആദിവാസികളുടെയും ഊരു മൂപ്പൻമാരുടെയും നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സമരം നടത്തി. മുതലമട, എലവഞ്ചേരി, നെല്ലിയാമ്പതി, അയിലൂർ, പല്ലശ്ശേന തുടങ്ങി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും നൂറുകണക്കിന് പെതുജനങ്ങളും പ്രതിഷേധത്തിൽ അണിനിരന്നു. രാവിലെ 10:30ന് മുതലമട പഞ്ചായത്തിൽ നിന്നും തുടങ്ങി 11ന് കാമ്പ്രത്ത്ച്ചള്ള ടൗണിൽ സമരം സമാപിച്ചു.
പുനഃപരിശോധനാ ഹർജി ബുധനാഴ്ച പരിഗണിക്കും
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവിനെതിരേ ജനകീയ സമരസമിതി നൽകിയ പുനഃപരിശോധനാ ഹർജി ബുധനാഴ്ച പരിഗണിക്കും. നെന്മാറ എം.എൽ.എ കെ.ബാബുവാണ് ജനകീയ സമരസമിതിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
അരിക്കൊമ്പൻ വിഷയം: റിവ്യൂ ഹർജിയിൽ
കക്ഷിചേരാൻ അതിരപ്പിള്ളി പഞ്ചായത്തും
ചാലക്കുടി: മൂന്നാറിൽ നിന്നും അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിൽ എത്തിക്കുന്നതിനെതിരെ നെന്മാറ എം.എൽ.എയും മുതലമട പഞ്ചായത്തും ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന റിവ്യൂ ഹർജിയിൽ കക്ഷി ചേരാൻ അതിരപ്പിള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവകക്ഷിയോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സമീപത്തെ പരിയാരം, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ പഞ്ചായത്തുകൾ കൂടി സമരത്തിൽ അണിചേരാനും പ്രസിഡന്റ് ആതിര ദേവരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കേസിൽ കക്ഷിചേരുന്നതായി ബന്ധപ്പെട്ട് വിദഗ്ദ്ധ ഉപദേശവും സ്വീകരിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അരിക്കൊമ്പൻ എന്ന ആനയെ പറമ്പിക്കുളത്തെത്തിക്കുന്നതിന് വനംവകുപ്പ് ശ്രമിച്ചാൽ പ്രതിരോധിക്കാനും ധാരണയായി. വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റിജേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എസ്.സതീഷ് കുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ജോമോൻ കാവുങ്ങൽ, ബി.ജെ.പി പഞ്ചായത്ത് സമിതി സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മാടപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
അരിക്കൊമ്പൻ ദൗത്യം: റേഡിയോ കോളർ ഇന്നെത്തിയേക്കും
ഇടുക്കി: അരിക്കൊമ്പനെ പിടികൂടി ഘടിപ്പിക്കേണ്ട റേഡിയോ കോളർ ഇന്ന് അസാമിൽ നിന്ന് സംസ്ഥാനത്തെത്തിക്കാനാകുമെന്ന് വനംവകുപ്പ്. മറ്റ് നടപടികളെല്ലാം പൂർത്തിയായെങ്കിലും അവിടത്തെ വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിക്കാത്തതാണ് നടപടികൾ നീളാൻ കാരണം. ഇന്ന് രാവിലെ അനുമതി ലഭിക്കുമെന്നും പിന്നാലെ തന്നെ വിമാനമാർഗം കൊച്ചിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ നാളെ രാവിലെയോടെ ഇത് ചിന്നക്കനാലിലുമെത്തിക്കും. വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യ എന്ന സംഘടനയുടെ കൈവശമാണ് ജി.പി.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റേഡിയോ കോളറുള്ളത്. നിലവിൽ വനംവകുപ്പിന്റെ കൈയിലുള്ള ജി.എസ്.എം റേഡയോ കോളറിന് പറമ്പിക്കുളത്തെ ഉൾക്കാടുകളിൽ റേഞ്ച് കിട്ടില്ല. അതിനാലാണ് സാറ്റ്ലൈറ്റ് വഴി പ്രവർത്തിക്കുന്ന റേഡിയോ കോളറെത്തിക്കുന്നത്. അതേ സമയം പറമ്പികുളത്തെത്തേക്ക് അരിക്കൊമ്പനെ മാറ്റുന്ന വിഷയം ഹൈക്കോടതി വീണ്ടും പരിഗണയിലേക്ക് എത്തുകയാണ്. വിഷയം വീണ്ടും പഠിക്കാനോ തത്കാലം മാറ്റിവയ്ക്കാനോ ആവശ്യപ്പെട്ടാൽ നടപടികൾ വീണ്ടും നീളും. നിലവിൽ ആഴ്ചകളായി സിമന്റുപാലത്ത് നാല് കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘം തുടരുകയാണ്. ദിവസവും ആനയുടെ തീറ്റയ്ക്ക് മാത്രം കാൽലക്ഷം രൂപയോളമാണ് ചെലവ്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വകുപ്പിന് ഉണ്ടാക്കുന്നത്. എന്ന് ഓപ്പറേഷൻ തുടങ്ങുമെന്ന കൃത്യമായ അറിയിപ്പ് വനംവകുപ്പ് നൽകുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |