കൊച്ചി: എഴുത്തുകാരി അരുന്ധതി റോയി പുകവലിക്കുന്ന മുഖചിത്രവുമായി പുറത്തിറങ്ങിയ 'മദർ മേരി കംസ് ടു മീ' എന്ന പുസ്തകത്തിന്റെ പ്രദർശനവും വില്പനയും തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. പുകവലി ഹാനികരമെന്ന മുന്നറിയിപ്പില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നാരോപിച്ച് അഭിഭാഷകനായ രാജസിംഹൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളിയത്. സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (2023) പ്രകാരം രൂപീകരിച്ച, വിദഗ്ദ്ധരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരൻ അവിടെ പരാതി നൽകിയിട്ടില്ല. പുകവലി ചിത്രം പ്രതീകാത്മകമാണെന്ന് പുറംചട്ടയിൽ നൽകിയിരിക്കുന്ന അറിയിപ്പ് ശ്രദ്ധിച്ചില്ല. കോടതിയിൽ നേരിട്ടെത്തിയിന് പിന്നിൽ സ്വന്തം പബ്ലിസിറ്റിയോ പ്രസാധകരുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള നീക്കമോ സംശയിക്കാമെന്നും നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |