SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.51 PM IST

ഒറ്റച്ചിലമ്പേന്തി കോപാകുലയായ കണ്ണകി, ഏറ്റവും വലിയ കണ്ണകി ശില്പം ആറ്റുകാലിൽ

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ണകി ശില്പം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനു മുന്നിൽ ഉയരും. പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ഗംഗാധരേശ്വര ശില്പം നിർമ്മിച്ച ദേവദത്തനാണ് കണ്ണകി ശില്പവും ഒരുക്കുക. ഗംഗാധരേശ്വര ശില്പത്തിന്റെ ഉയരം 58 അടിയാണ്. 60 അടി ഉയരത്തിലാണ് ഒറ്റച്ചിലമ്പുമായി സംഹാരരുദ്ര‌യായി നിൽക്കുന്ന കണ്ണകിയുടെ ശില്പം നിർമ്മിക്കുക.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു ശേഷം കോൺക്രീറ്റിൽ ശില്പ നിർമ്മാണം ആരംഭിക്കും. 225 ദിവസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. 3.5 കോടി രൂപ ചെലവഴിച്ചാണ് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ശില്പം നിർമ്മിക്കുന്നത്. മണ്ണ് പരിശോധന കഴി‌ഞ്ഞു. ലോഡ് ടെസ്റ്റിന്റെ ഫലം വരാനുണ്ട്.

കണ്ണകിയുടെ അനുഗ്രഹത്തിന് പൊങ്കാല

തോറ്റംപാട്ടുകാർ കണ്ണകി ചരിതം പാടിത്തുടങ്ങുന്നതോടെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം ആരംഭിക്കുന്നത്. ചിലപ്പതികാരത്തിലെ കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിയുമ്പോൾ ഭക്തർ പൊങ്കാല അടുപ്പിൽ തീ പകരും.

കണ്ണകി പ്രതിമയിലും രാഷ്ട്രീയം

ഡി.എം.കെ നേതാവ് സി.എൻ. അണ്ണാദുരൈ തമിഴ്നാട് മുഖ്യമന്ത്രിയിരിക്കെ 1968ലാണ് ചെന്നൈയിൽ കണ്ണകിയുടെ വെങ്കലപ്രതിമ സ്ഥാപിക്കുന്നത്. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന കരുണാനിധിക്കായിരുന്നു നിർമ്മാണച്ചുമതല.

പത്തടി ഉയരത്തിലാണ് ചെന്നൈയിലെ കണ്ണകി ശില്പം.

2001 ഡിസംബറിൽ പീഠം തകർന്നെന്ന കാരണം പറഞ്ഞ് അണ്ണാ ഡി.എം.കെ സർക്കാർ പ്രതിമ മ്യൂസിയത്തിലേക്ക് മാറ്റി. 2021സെപ്തംബറിൽ അഴിമതി ആരോപണത്തെത്തുടർന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് രാജിവയ്ക്കേണ്ടിവന്നിരുന്നു. 'ജയലളിതയ്ക്ക് നിർഭാഗ്യകരമാകുമെന്നതിനാൽ' ജ്യോതിഷികളുടെ ഉപദേശപ്രകാരമാണ് പ്രതിമ നീക്കം ചെയ്തതെന്ന് പ്രതിപക്ഷമായ ഡി.എം.കെ ആരോപിച്ചു. 2006 ൽ കരുണാനിധി അധികാരത്തിലെത്തിയപ്പോൾ പ്രതിമ പുനഃസ്ഥാപിച്ചു.

TAGS: ATTUKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY