പമ്പ: ശബരിമല വികസനവും തീർത്ഥാടകരുടെ സൗകര്യങ്ങളും സാദ്ധ്യതകളും ചർച്ചചെയ്ത് നടന്ന ആഗോള അയ്യപ്പസംഗമം സംഘാടനമികവു കൊണ്ട് ശ്രദ്ധേയമായി. നെറ്റിയിൽ ചന്ദനം തൊട്ടും അപ്പവും അരവണയും ഉൾപ്പെടെയുള്ള പ്രസാദം നൽകിയുമാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്. കവാടത്തിനു മുന്നിൽ സ്വാഗതമേകാൻ പുലിപ്പുറത്ത് ചിരിതൂകി നിൽക്കുന്ന അയ്യപ്പസ്വാമിയുടെ ശില്പം. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പടുകൂറ്റൻ പന്തലിൽ തുടക്കത്തിലേ ഇടംപിടിച്ചു. ഭജനയും ഭക്തിഗാന ഫ്യൂഷനും പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷമൊരുക്കി . അദ്ധ്യാത്മികതയിലൂന്നിയും ശബരിമലയുടെ പ്രാധാന്യം വ്യക്തമാക്കിയുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം പ്രൗഢമായ തുടക്കം നൽകി. മന്ത്രിമാരും ജനപ്രതിനിധികളും മത ,സാമുദായിക നേതാക്കളും ശബരിമലയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. മൂന്ന് സെഷനുകളിലായി ശബരിമല മാസ്റ്റർ പ്ലാനും ആത്മീയ ടൂറിസം സർക്യൂട്ടും ആൾക്കൂട്ട നിയന്ത്രണ തയ്യാറെടുപ്പുകളും വിശദമായി ചർച്ചചെയ്തു. വിജയ് യേശുദാസും വീരമണിയും നേതൃത്വം നൽകിയ ഭക്തിഗാന സദസോടെയാണ് അയ്യപ്പസംഗമം സമാപിച്ചത്.
പങ്കാളിത്തം കുറഞ്ഞു
അയ്യപ്പസംഗമത്തിൽ ജന പങ്കാളിത്തം കുറഞ്ഞു. ഓൺലൈൻ വഴി 4845 പേർ രജിസ്റ്റർചെയ്തെങ്കിലും പകുതിയിൽ താഴെ ആളുകളാണ് എത്തിയത്. എത്തിയത് 623 പേരെന്നാണ് ദേവസ്വം ബോർഡിന്റെ വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. ബോർഡ് നേരിട്ട് ക്ഷണിച്ച 500 അതിഥികളും പരിപാടിയുടെ ഭാഗമായി. രണ്ടായിരത്തോളം പേർ പങ്കെടുത്തു എന്നാണ് ദേവസ്വം ബോർഡിന്റെ അവകാശവാദം. ഉദ്യോഗസ്ഥർക്ക് പുറമേ സർക്കാർ അനുകൂലികളും എത്തിയിരുന്നു.
9. 30ന് ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അരമണിക്കൂർ വൈകി. ചർച്ചകളിലും ആളുകൾ കുറവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |