കൊച്ചി: വീട്ടിലെ പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി കൊപ്പറമ്പിൽ വീട്ടിൽ അസ്മ (35) മരിച്ചത് അമിത രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവശേഷവും വൈദ്യസഹായം നൽകിയില്ല. നില വഷളായപ്പോഴെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് റിപ്പോർട്ടിൽപറയുന്നത്.
ഭർത്താവ് അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിലെ സിറാജുദ്ദീനെ(38) മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂർ പൊലീസ് കേസെടുത്തിരുന്നു. കേസ് മലപ്പുറം പൊലീസിന് കൈമാറിയതോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ബന്ധുക്കൾ കൈയേറ്റം ചെയ്തതിനെ തുടർന്ന് പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സിറാജുദ്ദീന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുമെന്നാണ് പൊലീസ് പറയുന്നത്.
കളമശേരി മെഡിക്കൽ കോളേജ് പീഡിയാട്രിക് ഐ.സിയുവിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച അസ്മയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ഇന്നലെ രാവിലെയാണ് പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വൈകിട്ട് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി പെരുമാനി എടത്താക്കര മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി.
അസ്മയുടെ അഞ്ചാമത്തെ പ്രസവമാണിത്. ശനിയാഴ്ച വൈകിട്ട് ആറിനാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും സിറാജുദ്ദീൻ കാര്യമാക്കിയില്ല. പുലർച്ചെ മൂന്ന് മണിക്ക് ശേഷമായിരുന്നു മരണം.
മരണവിവരം ആരെയും അറിയിക്കാതെ മൃതദേഹവും നവജാതശിശുവിനെയും സിറാജുദ്ദിൻ ആംബുലൻസിൽ പെരുമ്പാവൂരിൽ എത്തിച്ചു. പ്രസവസമയത്തെ രക്തം പോലും തുടച്ചു കളയാത്ത നിലയിലായിരുന്നു കുഞ്ഞ്. മരണവിവരം സിറാജുദ്ദീന്റെ ബന്ധുവാണ് അസ്മയുടെ വീട്ടുകാരെ അറിയിച്ചത്.
പിതാവിന്റെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. സിറാജുദ്ദീന്റെ പ്രതികരണങ്ങളിൽ ബന്ധുക്കൾക്ക് സംശയം തോന്നിയതോടെ സംഘർഷമുണ്ടായി. പത്തു പേർക്ക് പരിക്കേറ്റെങ്കിലും കേസ് എടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |