SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.27 PM IST

ചക്കച്ചുള 'പൊന്നാ'ക്കി​യ വീട്ടമ്മമാർ ബഡ്ജറ്റി​ലും!

Increase Font Size Decrease Font Size Print Page
photo

കൊല്ലം: വരിക്കച്ചക്കയുടെ ചുള വെളിച്ചെണ്ണയിൽ വറുത്തുകോരി എഴുകോണി​ലെ നാല് വീട്ടമ്മമാർ പടുത്തുയർത്തിയത് ലക്ഷങ്ങളുടെ വിറ്റുവരവുള്ള വിദേശ വിപണി. എഴുകോണിലെ ഈ 'അടുക്കള വിപ്ളവം' മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബഡ്ജറ്റ് പ്രസംഗത്തിലും തിളങ്ങി. മന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയിൽ ഉൾപ്പെടുന്നതാണ് സംരംഭം.

എഴുകോൺ പുളിയറ കൃഷ്ണകൃപയിൽ പി.ശുഭ, പൊയ്കവിള പുത്തൻവീട്ടിൽ എ.രാജി, ശ്രീജിത്ത് ഭവനിൽ ടി.ലതിക, തുണ്ടുവിള വീട്ടിൽ എസ്.രേഖ എന്നിവരാണ് സംരംഭകർ. വെറുമൊരു വരുമാന മാർഗത്തിനുമപ്പുറം, കേരളത്തിലെ സ്ത്രീ സംരംഭകർക്ക് എങ്ങനെ മാതൃകയാകാം എന്ന് തെളിയിച്ചതിലാണ് ബഡ്ജറ്റിൽ ഇവർക്ക് പ്രത്യേക അഭിനന്ദനം ലഭിച്ചത്.

യുവ സംരംഭകയായ രേഷ്മയുടെ 'ടോക്കോ ചിപ്സ്' എന്ന സ്റ്റാർട്ടപ്പുമായി കൈകോർത്തതോടെയാണ് ഇവരുടെ ചിപ്സ് അമേരിക്ക, ഇറ്റലി എന്നിവിടങ്ങളിലേക്കടക്കം പറന്നത്. മരച്ചീനി, കശുഅണ്ടി ചിപ്സും ഇവർ തയ്യാറാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പൊതുവേദിയിൽ ചിപ്സ് പാക്കറ്റ് കൈമാറിയായി​രുന്നു വിപണന ഉദ്ഘാടനം. മന്ത്രി ബാലഗോപാൽ പലതവണ വീട്ടമ്മമാരുടെ സംരംഭം കാണാനെത്തി പ്രോത്സാഹനം നൽകിയിരുന്നു.

കഴിഞ്ഞ ജൂലായ് 19ന് 'വരിക്കച്ചക്ക വറുത്ത് വീട്ടമ്മമാർക്ക് മാസം അരലക്ഷം വരുമാനം' എന്ന തലക്കെട്ടോടെ കേരളകൗമുദി ഈ സംരംഭകരുടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സംരംഭം വിപുലപ്പെടുത്താനാണ് ശുഭയുടേയും സംഘത്തിന്റെയും തീരുമാനം. കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ ഇത്തരം യൂണിറ്റുകൾ വ്യാപിപ്പിക്കാൻ സർക്കാർ പിന്തുണ നൽകുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതോടെ എഴുകോൺ മോഡൽ കേരളമാകെ പടരും.

ബഡ്ജറ്റിലെ പരാമർശം

'കൊട്ടാരക്കര എഴുകോൺ ഗ്രാമപഞ്ചായത്തിലെ രേഷ്മയെന്ന യുവ സംരംഭക നേതൃത്വം നൽകുന്ന ടോക്കോ ചിപ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ പരിചയപ്പെടുത്താം. കുടുംബശ്രീ അംഗങ്ങളായ ശുഭയും സംഘവുമാണ് ഈ ചിപ്സ് ഉത്പാദന യൂണിറ്റ് മികച്ച നിലയിൽ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത്തരത്തിൽ സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റുകൾ സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ സർക്കാർ പിന്തുണ നൽകും'

TAGS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY