SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.07 PM IST

കേന്ദ്ര ബഡ്ജറ്റ് ഇന്ന്, അരലക്ഷം കോടിയിൽ പ്രതീക്ഷ നട്ട് കേരളം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ ഇരട്ട പ്രതീക്ഷയോടെ കേരളം. കേന്ദ്രവിഹിതം കൂടുന്നതിനൊപ്പം 15-ാം ധനകാര്യ കമ്മിഷൻ വിഹിതവും ഉൾപ്പെടെ അരലക്ഷത്തോളം കോടിയുടെ ഫണ്ടാണ് പ്രഥമ പ്രതീക്ഷ. കിട്ടിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകും. ഇതിനൊപ്പം വിഴിഞ്ഞം വികസന ഇടനാഴി,​ ആണവനിലയം,​ വന്ദേഭാരത് സ്ളീപ്പറടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാന കോർപ്പറേഷൻ ഭരണം പിടിച്ചതും നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷയോടെ നീങ്ങുന്നതും കണക്കിലെടുത്തുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ 68,​613.86 കോടിയാണ് കേന്ദ്രത്തിൽ നിന്നുള്ള വരവായി കാണിച്ചത്. ഇതിൽ കുറയില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം 41,​691.40 കോടിയും അതിന് മുമ്പത്തെ വർഷം 34,​590.93 കോടിയുമായിരുന്നു കേന്ദ്രവിഹിതം.

വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം വികസന ഇടനാഴിയാണ് ഇതിൽ പ്രധാനം. വിഴിഞ്ഞം മുതൽ ബാലരാമപുരംവരെ വൻ വ്യവസായ ടൗൺഷിപ്പിന് വഴിതുറക്കുന്ന തരത്തിൽ റെയിൽ കണക്ടിവിറ്റി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്, സീ ഫുഡ് പാർക്ക്, ലോജിസ്റ്റിക്സ് ആൻഡ് ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവയുൾപ്പെടുന്നതാണിത്.

മധുര, ചെന്നൈ, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളുമായി കണക്ടിവിറ്റിയും വിഴിഞ്ഞവുമായി ബന്ധപ്പെട്ട് റെയിൽ, കപ്പൽ, റോഡ്, ആഭ്യന്തര ചരക്ക് കടത്ത് സംവിധാനങ്ങളും വന്നാൽ വൻ വികസനക്കുതിപ്പ് കേരളത്തിനുണ്ടാകും. ഭാരതമാല പദ്ധതിയിലും ചരക്ക് ഗതാഗത ഇടനാഴിയിലും വിഴിഞ്ഞം തുറമുഖത്തെ സംയോജിപ്പിക്കൽ, തീരദേശ ഷിപ്പിംഗ് സർവീസുകൾ, ഇലക്ട്രിക് ബസ് സർവീസ് വ്യാപിപ്പിക്കൽ, മെട്രോ സംവിധാനങ്ങൾ, ആധുനിക നഗരഗതാഗത സൗകര്യങ്ങൾ തുടങ്ങിയവും പ്രതീക്ഷിക്കുന്നു.

ആണവ നിലയം,​

വന്ദേഭാരത് സ്ളീപ്പർ

സംസ്ഥാനത്തെ വൈദ്യുതിക്കമ്മി നികത്താൻ കേന്ദ്രസഹായത്തോടെ ആണവനിലയം, സോളാർ വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നതിനായി ബാറ്ററി സ്റ്റോറേജ് സംവിധാനം എന്നിവയും പ്രതീക്ഷിക്കുന്നു. വന്ദേഭാരത് സ്ളീപ്പർ പ്രഖ്യാപിക്കുമെന്നും കരുതുന്നു.

TAGS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY