തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷത്തിൽപ്പെട്ട ചിലരെ കേരളത്തിൽ സംഘപരിവാർ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിനകത്തും പുറത്തും സംഘപരിവാറിന് ഒരേ മുഖമാണ്. ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് അവർ കാണുന്നതെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ചില പ്രീണന നിലപാടുകൾ സ്വീകരിച്ച് അവർ മുന്നോട്ടുപോകുന്നത് അവരുടെ യഥാർത്ഥ മുഖം ഇവിടെ കാണിക്കാനാവാത്തത് കൊണ്ടാണ്. ആർ.എസ്.എസ് തനിനിറം കാട്ടിയാൽ അതിനെ ശക്തിയായി നേരിടുന്ന നിലയാണ് കേരളത്തിലുണ്ടാവുക. കാസർകോട് മുതൽ തിരുവനന്തപുരം വരെ,ആർ.എസ്.എസിന്റെ വർഗീയ നീക്കത്തെ നേരിട്ട് രക്തസാക്ഷിത്വം വരിച്ച അനേകം ജീവനുകളെ കാണാനാവും.
കർണാടകയിലുൾപ്പെടെ ക്രിസ്ത്യൻ പള്ളികൾ വലിയ തോതിൽ ആക്രമിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ക്രിസ്മസിന് ഛത്തിസ്ഗഢിൽ നിന്ന് ക്രൈസ്തവർക്ക് കൂട്ടത്തോടെ ഓടിപ്പോകേണ്ടി വന്നു. അതിൽ സന്തോഷം പ്രകടിപ്പിച്ച സംഘപരിവാർ പ്രഖ്യാപിച്ചത് അവരെ തുരത്തുമെന്നാണ്. സംഘപരിവാർ നേതാക്കൾ ന്യൂനപക്ഷങ്ങൾക്ക് നേരേ പരസ്യമായ കലാപാഹ്വാനം നടത്തുന്നു.
ഏറ്റവും കൂടുതൽ സംഘപരിവാറിനാൽ ആക്രമിക്കപ്പെട്ടിരിക്കുന്നത് രാജ്യത്തെ മുസ്ലിങ്ങളാണ്. ബുൾഡോസറുകളുപയോഗിച്ച് താമസസ്ഥലങ്ങൾ ഇടിച്ചുനിരപ്പാക്കുന്നു. ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ അവിടെയുള്ള മുസ്ലിം ആരാധാനാലയങ്ങളിലേക്ക് കടന്നിരിക്കുന്നു.
ഒരു വിഭാഗത്തിന് മാത്രം വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നു. ആർ.എസ്.എസിന്റെ ആചാര്യനായ ഗോൾവാൾക്കർ എഴുതിയത് ആഭ്യന്തരശത്രുക്കൾ മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരുമാണെന്നാണ്. ബോൾഷെവിക്കുകളും ജൂതന്മാരുമാണ് ആഭ്യന്തരശത്രുക്കളെന്ന് ഹിറ്റ്ലർ പറഞ്ഞു. ബോൾഷെവിക്കുകളെന്ന് അന്ന് ഹിറ്റ്ലർ വിളിച്ചത് കമ്യൂണിസ്റ്റുകാരെയാണ്. ജൂതന്മാർ ജർമനിയിലെ ന്യൂനപക്ഷമായിരുന്നു. ആഭ്യന്തരശത്രുക്കളെ നേരിടാൻ ജർമനി കാട്ടിയ മാതൃകയാണ് സംഘപരിവാറും പിന്തുടരാൻ ശ്രമിക്കുന്നത്. അത് കൂട്ടക്കശാപ്പാണ്. ലോകം മുഴുവൻ ഹിറ്റ്ലറുടെ കൂട്ടക്കശാപ്പിനെ അപലപിച്ചപ്പോൾ അപലപിക്കാത്ത ഏക വിഭാഗം ആർ.എസ്.എസാണ്- മുഖ്യമന്ത്രി പറഞ്ഞു. അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി അദ്ധ്യക്ഷയായി. വൃന്ദ കാരാട്ട്, മറിയം ധാവ്‌ളെ തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീകൾ നേരിടുന്ന
'വിക്ടിം ഷെയിമിംഗ്'
ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി
■മുഖ്യമന്ത്രിയെ അഭിനന്ദിച്ച് വൃന്ദ കാരാട്ട്
തിരുവനന്തപുരം: രാജ്യത്ത് അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്ന 'വിക്ടിം ഷെയിമിംഗി'നെക്കുറിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തിൽ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതിനെ വിമർശിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പിന്നാലെ പ്രസംഗിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അഭിനന്ദിച്ചു.
രാജ്യത്ത് ഏറ്റവുമധികം ആക്രമണത്തിനിരയാവുന്നത് സ്ത്രീകളാണെന്ന് പറഞ്ഞാണ് വിഷയത്തിലേക്ക് മുഖ്യമന്ത്രി കടന്നത്. എല്ലാ രംഗത്തും സ്ത്രീകളെ ഒറ്റപ്പെടുത്താനുള്ള വാസന ചിലർ ബോധപൂർവ്വം പ്രകടിപ്പിക്കുന്നു. ഒരു നിസ്സഹായയായ സ്ത്രീയുടെ നേർക്ക് ആക്രമണമുണ്ടായാൽ ,ചിലർആക്രമണത്തിനിരയായ സ്ത്രീയെ കുറ്റപ്പെടുത്തുന്നു. ചിലപ്പോൾ അവർ ധരിച്ച വസ്ത്രത്തെക്കുറിച്ച് പറയും. ആക്രമണത്തിനിരയായ സമയത്തെപ്പറ്റി, അതുമല്ലെങ്കിൽ ആ സ്ഥലത്തെപ്പറ്റി, അല്ലെങ്കിൽ കൂടെയുണ്ടായ വ്യക്തിയെ ചേർത്തുവച്ച് ഒക്കെയാണ് സ്ത്രീയെ കുറ്റപ്പെടുത്തുക. ഇത് പുരുഷ മേധാവിത്വത്തിന്റെ പ്രകടമായ ലക്ഷണമാണ്. ഇതേതെങ്കിലും ഒരാളുടെ മാത്രം പ്രത്യേക മാനസികാവസ്ഥയല്ല, മറിച്ച് അടിച്ചമർത്തലിന്റെ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണ്. ലിംഗസമത്വത്തെയും സ്ത്രീസുരക്ഷയെയും കുറിച്ചൊക്കെ പറയുന്ന ബി.ജെ.പിയുടെ സർക്കാർ ബിൽകിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിലൂടെ വ്യക്തമാക്കിയത് സ്ത്രീക്കു നേരെ എന്തുമാവാമെന്നാണ്- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |