തിരുവനന്തപുരം : സംസ്ഥാനത്ത് പതിവ് തെറ്റാതെ ഇത്തവണയും മഴക്കാലപൂർവ ശുചീകരണം പാളി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതും ഫണ്ടിന്റെ പേരിലുള്ള കാത്തിരിപ്പുമാണ് പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നത്.
മഴയ്ക്ക് തൊട്ടു മുമ്പ് ഓടകൾ കോരി വച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ അതെല്ലാം ഓടയിലേക്ക് ഒലിച്ചിറങ്ങി. മഴ കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ പകർച്ചവ്യാധികളുടെ പിടിയിലാകും നാട്. തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണം, വാട്ടർഅതോറിട്ടി, കെ.എസ്.ഇ.ബി,പി.ഡബ്ല്യു.ഡി തുടങ്ങിയ വകുപ്പുകൾ യോജിച്ച് പ്രവർത്തിച്ചാലേ സംസ്ഥാനത്ത് മഴക്കാല പൂർവശുചീകരണം കൃത്യമായി നടക്കൂ.
തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കുന്നതിലുൾപ്പെടെ നടത്തുന്ന അലംഭാവം
പ്രവർത്തനങ്ങളെ കനത്ത രീതിയിൽ ബാധിക്കാറുണ്ട്. ഏപ്രിലിൽ ശുചീകരണം നടന്നാവേ ഫലമുണ്ടാകൂ. എന്നാൽ, അധികാരികൾ മേയ് പകുതി വരെ കാത്തിരിക്കും. ഇക്കുറിയും ഓട ശുചിയാക്കലും ഡ്രൈഡേ ആചരണവും ഉൾപ്പെടെ പാളിപ്പോയി. ഈമാസം 23നും 30നുമാണ് ആരോഗ്യവകുപ്പ് ഉറവിടനശീകരണത്തിനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിശ്ചയിച്ചത്. 20ന് മുമ്പേ മഴയെത്തി.
നിർദ്ദേശം
കാറ്റിൽപ്പറന്നു
സീറോവേസ്റ്റ് ദിനമായ മാർച്ച് 30ന് മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കണമെന്ന സർക്കാർ നിർദ്ദേശം ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും പാലിച്ചില്ല. ഓടകൾ ശുചീകരിക്കൽ,നീർച്ചാലുകളും ജലാശയങ്ങളും വൃത്തിയാക്കൽ, ഡ്രൈ ഡേ ആചരിക്കൽ തുടങ്ങി സർക്കാർ നിർദ്ദേശിച്ച പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. മാർച്ചിലെ ഞായറാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കണമെന്നതും പാലിക്കപ്പെട്ടില്ല. ഫെബ്രുവരി 20ന് മുമ്പ് തദ്ദേശസ്ഥാപനങ്ങൾ യോഗം ചേർന്ന് പ്രവർത്തനം ആവിഷ്‌കരിക്കണമെന്നായിരുന്നു നിർദ്ദേശം.
26ദിവസം
37മരണം
സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ഈമാസം ഇതു വരെ 37 പേരാണ് മരിച്ചത്.ഡെങ്കിപ്പനി 3,എലിപ്പനി 19,മഞ്ഞപ്പിത്തം 11,അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം 2, ഇൻഫ്ലുവൻസ 1,ചെള്ള്പനി 1 എന്നിങ്ങനെയാണ് മരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |