
തിരുവനന്തപുരം: കേരളത്തിനു ലഭിക്കേണ്ട കേന്ദ്ര വിഹിതം ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനർഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ല. കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നീക്കത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജനുവരി മുതൽ മാർച്ചുവരെ സംസ്ഥാനത്തിനു ലഭിക്കേണ്ട വിഹിതത്തിന്റെ പകുതിയിലധികമാണ് വെട്ടിക്കുറച്ചത്. കേരളത്തെ തകർക്കാനുള്ള ആസൂത്രണമാണ് കേന്ദ്രം നടത്തുന്നത്. ക്ഷേമപദ്ധതികളോട് വിപ്രതിപത്തിയാണ് കേന്ദ്ര സർക്കാരിന്. കേന്ദ്രം പിന്നിൽ നിന്ന് കുത്തുമ്പോൾ കോൺഗ്രസ് കൂട്ടുനിൽക്കുന്നു. ഒരുമിച്ചു നിന്ന് ശബ്ദമുയർത്താൻ കേരളത്തിലെ ചില വിഭാഗങ്ങൾ തയ്യാറാകുന്നില്ല. എൽ.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ നാട് മുന്നേറാൻ പാടില്ലെന്ന ഹീനബുദ്ധിയാണ് പ്രതിപക്ഷത്തിന്.
ആവശ്യം വരുമ്പോൾ ആർ.എസ്.എസിന്റെ ആടയാഭരണങ്ങൾ എടുത്തണിയാൻ മടിയില്ലാത്തവരായി കോൺഗ്രസ് മാറി. മതനിരപേക്ഷതയ്ക്ക് വെള്ളം ചേർക്കുന്നത് സ്വയം വിനാശകരമായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു സത്യഗ്രഹം. മന്ത്രിമാർ, ജനപ്രതിനിധികൾ, എൽ.ഡി.എഫ് നേതാക്കളടക്കം പങ്കെടുത്തു.
മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, കെ.ബി.ഗണേശ്കുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മാത്യു ടി.തോമസ്, കെ.കെ.ശൈലജ, എ.പി.അബ്ദുൾവഹാബ്, തോമസ് കെ.തോമസ്, ബിനോയ് ജോസഫ്, വർഗീസ് ജോർജ്, ജോൺ ബ്രിട്ടാസ്, പി.സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയും ആർ.ജെ.ഡി നേതാവ് എം.വി.ശ്രേയാംസ് കുമാറും പങ്കെടുക്കാത്തത് ചർച്ചയായി.
വെട്ടിക്കുറച്ചത് 17,000
കോടി: ബാലഗോപാൽ
സംസ്ഥാനത്തിന് ഈ വർഷം ലഭിക്കേണ്ട 17,000 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചതെന്ന് സമാപന പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വരുമാനം വർദ്ധിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും സംസ്ഥാനത്തിന്റെ അവകാശങ്ങളും അധികാരങ്ങളും കേന്ദ്രം കവരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |