തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് ഹാനികരമാവുന്ന തരത്തിൽ രക്ഷിതാക്കളുടെ സിറപ്പ് ചികിത്സ കേരളത്തിലും വർദ്ധിക്കുകയാണെന്ന് ഡോക്ടർമാർ.
കുട്ടികളുടെ തൂക്കവും ആരാേഗ്യവും മരുന്നിന്റെ ഡോസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അജ്ഞരായ രക്ഷിതാക്കൾ പഴയ കുറിപ്പടി വച്ച് സിറപ്പുകൾ വാങ്ങി നൽകുന്നു. അവയവങ്ങൾക്ക് അതു ദോഷം ചെയ്യുമെന്ന് ഡോക്ടർമാർ.
രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചുമ മരുന്നായ കോൾഡ്രിഫ് കുടിച്ച കുട്ടികൾ മരിച്ച പശ്ചാത്തലത്തിലാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.
ചുമ മരുന്നുകൾ നൽകുന്നതിൽ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐ.എ.പി) മുന്നറിയിപ്പ് നൽകി.
പനി,ജലദോഷം,ചുമ തുടങ്ങിയവ 12വയസുവരെ പതിവായിരിക്കും. ഡോക്ടറെ കാണാൻ മടിച്ച് പഴയ കുറിപ്പടി പ്രകാരം മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങി നൽകുന്നതാണ് ശീലം. പിറ്റേ ആഴ്ച ഇളയ കുട്ടിയ്ക്ക് പനിവരുമ്പോഴും അതേ അളവിൽ നൽകും. 20കിലോ ഭാരമുള്ള കുട്ടിയ്ക്ക് ചുമമരുന്ന് 12മില്ലിയാണ് നൽകുന്നതെങ്കിൽ 12കിലോയുള്ള കുട്ടിയ്ക്ക് 6മില്ലിയിൽ താഴെ മതി. അധിക ഡോസ് മയക്കം,അമിത ക്ഷീണം,ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ചില മരുന്നുകളോട് ആസക്തി വർദ്ധിക്കാനും കാരണമാകും.
രണ്ട് വയസിൽ താഴെയുള്ള കുട്ടികളിലെ മിക്ക ചുമരോഗങ്ങളും മരുന്നില്ലാതെ ഭേദമാകും. ഈ പ്രായക്കാർക്ക് ചുമ മരുന്നുകളുടെ പതിവായ ഉപയോഗം സുരക്ഷിതമല്ല.
-ഡോ.ഐ.റിയാസ്
ഐ.എ.പി കേരള പ്രസിഡന്റ്
രണ്ടുവയസ് കഴിയാത്ത
കുഞ്ഞിന് ആ മരുന്ന് പാടില്ല
(ഐ.എ.പി നിർദേശങ്ങൾ)
രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ ചുമ സിറപ്പുകളോ ജലദോഷ മരുന്നുകളോ നിർദ്ദേശിക്കരുത്.
മുതിർന്ന കുട്ടികളാണെങ്കിലും കൃത്യമായ അളവിൽ, കുറഞ്ഞ ദിവസത്തേക്കുമാത്രമേ കൊടുക്കാവൂ.
ആസ്ത്മ പോലുള്ള രോഗങ്ങളുടെ ഭാഗമായ ചുമയ്ക്ക്, ഇൻഹേലർ പോലുള്ള മരുന്നുകളാണ് നല്ലത്.
അലർജിക് റൈനിറ്റിസ് പോലുള്ള പ്രത്യേക രോഗാവസ്ഥകൾക്ക് ആറു മാസത്തിന് മുകളിലുള്ള കുട്ടികളിൽ ചില ആന്റിഹിസ്റ്റമിനുകൾ പരിഗണിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |