SignIn
Kerala Kaumudi Online
Saturday, 27 April 2024 9.50 AM IST

സി. പി. ഐയിൽ സ്വയം വിമർശനം;   വൃദ്ധരെ മടുത്തു,​ യുവനിര വേണം

kk

വിജയവാഡ (ആന്ധ്ര): നേതാക്കളുടെ പ്രായപരിധി വിഷയം കേരളത്തിലെ സംസ്ഥാന സമ്മേളനത്തിനിടെ വിവാദമായി മാറിയതിനുപിന്നാലെ സി.പി.ഐ പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം.

വൃദ്ധരാൽ നയിക്കപ്പെടുന്ന 'വൃദ്ധഭരണ'ത്തിന്റെ ഇരയായി പാർട്ടി മാറിയിരിക്കുന്നുവെന്ന്

24ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് പ്രവർത്തന റിപ്പോർട്ടിൽ തുറന്നടിച്ചു. വൃദ്ധഭരണം തുടരാനാവില്ലെന്നാണ് സി.പി.ഐ വിലയിരുത്തുന്നത്. യുവാക്കളെയും വനിതകളെയും നേതൃത്വത്തിലേക്ക് കൂടുതലായി കൊണ്ടുവരണം. ദൗത്യം കടുപ്പമേറിയതാണെങ്കിലും പാർട്ടിയുടെ വളർച്ചയ്ക്ക് ഇത് അനിവാര്യമാണ്.

പാർട്ടിയുടെ എല്ലാ തലങ്ങളിലും മരവിപ്പുണ്ട്. നേതൃസ്ഥാനങ്ങൾ ചിലർ ദീർഘകാലം കൈയടക്കി വയ്ക്കുന്നതിനാലാണിത്. ഒരു തവണ സ്ഥാനത്ത് എത്തുന്നവർ ഇനി തങ്ങൾ മാത്രമാണ് അനിവാര്യരെന്ന് ചിന്തിക്കുന്നു. പാർട്ടിക്ക് ഇവർ എന്ത് സംഭാവന നൽകിയെന്നതല്ല കണക്കിലെടുക്കുന്നത്. നേതൃനിരയിലെ എല്ലാ തലങ്ങളിലും ചെറുപ്പക്കാരുടെയും വനിതകളുടെയും സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവരുടെയും നാമമാത്ര സാന്നിദ്ധ്യമേയുള്ളൂ. ദേശീയ, സംസ്ഥാന തലങ്ങളിൽ പാർട്ടിനേതൃത്വത്തിന്റെ ശരാശരി പ്രായം അറുപതിനടുത്താണ്. തലമുറമാറ്റവും ലിംഗസമത്വവും ചെറുപ്പക്കാരുടെയും വനിതകളുടെയും പങ്കാളിത്തവും ഉറപ്പാക്കണമെന്ന തത്വത്തിന് നിരക്കാത്തതാണിതെന്നും റിപ്പോർട്ട് പറയുന്നു.

പാർട്ടി അടിമുടി മാറണം

പാർട്ടി പ്രവർത്തനരീതിയിൽ അടിമുടിയുള്ള മാറ്റം ദേശീയ, സംസ്ഥാന, ജില്ലാ നേതൃതലങ്ങളിൽ നിന്നാരംഭിക്കണം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. ഉയർന്ന ഘടകങ്ങളിലെ നേതാക്കൾ ബ്രാഞ്ച്, ലോക്കൽ ഘടകങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണം. സാമൂഹ്യ, രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് അവർ പ്രവർത്തകരുമായി നിരന്തരം സംവദിക്കണം. പ്രചാരണപരിപാടികളും ബഹുജനസമ്പർക്ക പരിപാടികളും സംഘടിപ്പിക്കണം. താഴെത്തട്ടിലെ പോരാട്ടങ്ങൾ എല്ലാവരിലും എത്തിക്കാൻ പ്രചാരണം നടത്തണം. ഗ്രാമീണ ജനതയുടെ ഭൂപ്രശ്നങ്ങളടക്കം പാർട്ടിഏറ്റെടുക്കണം.

രാജ്യത്തെ 6,44,000 പാർട്ടി അംഗങ്ങളും അനുഭാവികളും അണിനിരക്കുന്ന പോരാട്ടങ്ങളിലൂടെ താഴെത്തട്ടിൽ പുതിയ നേതൃനിരയെ വളർത്താം. പാർട്ടിയുടെ മരവിപ്പ് മാറ്റാം. മദ്ധ്യവർഗക്കാരും ദരിദ്ര, കർഷക, കർഷകത്തൊഴിലാളികളുമായ നേതാക്കൾ ഗ്രാമങ്ങളിലെ പാർട്ടി ബ്രാഞ്ചുകളിലുണ്ട്. ആളുകളെ സംഘടിപ്പിക്കാൻ ഇവർക്ക് ശേഷിയുണ്ട്. പഞ്ചായത്ത് തലങ്ങളിലടക്കം ഇവരുടെ ഇടപെടലുകൾ ശക്തിപ്പെടുത്തിയാൽ നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാം.

സംഘടനാദൗർബല്യങ്ങളും അന്യവർഗ ചിന്താഗതിയും നിഷേധചിന്തയുണ്ടാക്കി. ഇത് തുടരാൻ അനുവദിക്കരുത്. ഉത്തര, പശ്ചിമ സംസ്ഥാനങ്ങളിൽ ഇടതുമുന്നണി മദ്ധ്യവർത്തി - മതേതര - ജനാധിപത്യ പാർട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

പരസ്യപ്രതികരണം

പാർട്ടിവിരുദ്ധം

പാർട്ടി ചട്ടക്കൂടിനകത്ത് കാര്യങ്ങൾ അവതരിപ്പിക്കാതെ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നത് പാർട്ടിരുദ്ധമാണ്. പാർട്ടിയുടെയും നേതാക്കളുടെയും പ്രതിച്ഛായ തകരും. വിഭാഗീയതയാണ് ഏറ്റവും വലിയ ശത്രു. അത് പാർട്ടിവളർച്ചയ്ക്ക് വിഘാതമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.