
തിരുവനന്തപുരം: മൂന്നു തവണ കൊട്ടാരക്കര എം.എൽ.എയായിരുന്ന മുതിർന്ന സി.പി.എം നേതാവ് ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. കേന്ദ്ര സർക്കാരിനെതിരെ ലോക്ഭവനു മുന്നിൽ കോൺഗ്രസ് നടത്തുന്ന രാപകൽ സമരവേദിയിൽ അപ്രതീക്ഷിതമായെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനൊപ്പമാണ് സമരവേദിയിലെത്തിയത്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ഐഷാപോറ്റി സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്.
വി.ഡി.സതീശനുമായി നടത്തിയ ചർച്ചയിലാണ് കോൺഗ്രസ് പ്രവേശനത്തിൽ ധാരണയായത്. 25വർഷം നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് കോൺഗ്രസിലെത്തുന്നത്. കൊട്ടാരക്കരയിൽ കഴിഞ്ഞതവണ കെ.എൻ.ബാലഗോപാലിനെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചതോടെയാണ് നേതൃത്വത്തോട് ഇടഞ്ഞത്. രണ്ടു ടേം വ്യവസ്ഥ നടപ്പാക്കാൻ സി.പി.എം തീരുമാനിച്ചതോടെ ഐഷാപോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.
അഭിഭാഷകയായ ഐഷാപോറ്റി നാലുവർഷത്തോളമായി സി.പി.എം നേതൃത്വവുമായി അകൽച്ചയിലായിരുന്നു. പാർട്ടി കമ്മിറ്റികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ഇതിനിടെ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തത് ചർച്ചയായിരുന്നു.
അതേസമയം, പാർട്ടി കൊല്ലം ജില്ല കമ്മിറ്റിയംഗമായി തിരഞ്ഞെടുത്തിരുന്നെങ്കിലും 75 കമ്മിറ്റികളിൽ ഒന്നിൽപോലും ഐഷാ പോറ്റി പങ്കെടുത്തിട്ടില്ലെന്ന് സി.പി.എം ആരോപിക്കുന്നു. മൂന്നുദിവസം മുമ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നേരിട്ട് വീട്ടിലെത്തി വർക്ക് നിയർ ഹോം ഉദ്ഘാടന ചടങ്ങിന്റെ സ്വാഗതസംഘ രൂപീകരണത്തിന് ക്ഷണിച്ചിരുന്നു. മണ്ഡലത്തിലെ പരിപാടികളിലേക്കും ക്ഷണിച്ചിരുന്നു. അപ്പോഴെല്ലാം ശാരീരിക പ്രശ്‌നങ്ങളാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച ഐഷാപോറ്റിയുടെ നിലപാട് ന്യായീകരണമില്ലാത്തതാണെന്നും സി.പി.എം നേതാക്കൾ പറയുന്നു.
ബാലകൃഷ്ണപിള്ളയെ
തോല്പിച്ച് സഭയിൽ
1977 മുതൽ കൊട്ടാരക്കരയിൽ നിന്ന് സ്ഥിരമായി ജയിച്ചിരുന്ന ആർ.ബാലകൃഷ്ണപിള്ളയെ
2006ൽ പരാജയപ്പെടുത്തിയാണ് ഐഷാപോറ്റി ആദ്യം നിയമസഭയിലെത്തിയത്. 2011ലും 2016ലും വിജയിച്ചു. 2021ൽ സീറ്റ് നിഷേധിക്കപ്പെട്ടു. 2016ൽ സ്പീക്കറായി പരിഗണിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. 2021ൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി പരിഗണിക്കുമെന്നു കരുതിയിരുന്നെങ്കിലും ഒഴിവാക്കി. നിലവിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണ്.
ഇനിയും കാണാം
വിസ്മയം: സതീശൻ
നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് എൽ.ഡി.എഫിലും എൻ.ഡി.എയിലുമുള്ള കക്ഷികളും നിഷ്പക്ഷരായവരും യു.ഡി.എഫിലേക്ക് വരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വിരലിലെണ്ണാവുന്ന ദിവസം കാത്തിരുന്നാൽ ഇനിയും വിസ്മയം കാണാം.
പാർട്ടി വിട്ടതിനാൽ വർഗവഞ്ചകയാണെന്ന് വിമർശനമുണ്ടാകും. ഞാൻ അധികാരമോഹിയല്ല. സി.പി.എമ്മിന്റെ വഴികളെല്ലാം മാറി. നമ്മളെ ആവശ്യമില്ലെന്ന് കണ്ടാൽ അപ്പോൾ സലാം പറയണം. സി.പി.എം നേതൃത്വത്തോട് എല്ലാ പ്രശ്നങ്ങളും പറഞ്ഞിരുന്നു.
- ഐഷാ പോറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |