തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സി പുനഃസംഘടന പൂർത്തിയാക്കി പാർട്ടിയെ സജ്ജമാക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങൾ ഫലം കണ്ടേക്കില്ല. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിടയുണ്ട്. പുനഃസംഘടന അപസ്വരങ്ങളില്ലാതെ പൂർത്തിയാക്കാനായില്ലെങ്കിൽ അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഈ സാഹചര്യത്തിൽ തത്കാലം പുനഃസംഘടന വേണ്ടെന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വത്തിലെ പലർക്കും.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്നുണ്ടായ പാളയത്തിൽ പടയാണ് കാര്യങ്ങൾ തകിടം മറിച്ചതിൽ ഒരു കാരണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ വിഷയത്തിൽ പിടിവാശി കാട്ടിയെന്ന അഭിപ്രായം രാഹുലിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിനുണ്ട്.
രഹസ്യമായി അതൃപ്തി അവർ നേതാക്കളെ അറിയിച്ചു. ജനങ്ങൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ രാഹുലിനെതിരായ നടപടി അത്യാവശ്യമായിരുന്നുവെന്ന നിലപാടിലാണ്
സതീശൻ. നിയമസഭാ സമ്മേളനത്തിന്റെ തുടക്ക ദിവസം തന്റെ വിയോജിപ്പ് മറികടന്ന് രാഹുൽ സഭയിലെത്തിയതും സതീശനെ ചൊടിപ്പിച്ചു. ഉപ തിരഞ്ഞെടുപ്പുകളിൽ ആവർത്തിച്ച് വിജയം കൈവരിച്ച ഘട്ടത്തിലുണ്ടായിരുന്ന ഐക്യത്തിന് മങ്ങലേറ്റെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട് ഇത്തരമൊരു സാഹചര്യത്തിൽ പുനഃസംഘടനയിലേക്ക് കടക്കുകയും ഐക്യത്തോടെ പൂർത്തിയാക്കാനാവാതെ വരുകയും ചെയ്താൽ, അന്തരീക്ഷം എതിരാവുമെന്നാണ് അവരുടെ പക്ഷം.
24 ന് കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നുണ്ട്. പി.സി.സി അദ്ധ്യക്ഷന്മാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ബീഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നതിനാൽ ഇവിടത്തെ പുനഃസംഘടന പരിഗണിക്കാനിടയില്ല. എ.ഐ.സി.സി നേതാക്കളുമായി എന്തെങ്കിലും ആശയവിനിമയം നടന്നെങ്കിലായി. ഡി.സി.സി പ്രസിഡന്റുമാരുടെ മാറ്റവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരുമായി നേരത്തെ ചർച്ച പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം, കൊല്ലം ഉൾപ്പെടെ ഏതാനും ജില്ലകളുടെ കാര്യത്തിലാണ് ധാരണ ഉണ്ടാകേണ്ടിയിരുന്നത്.
നവംബർ അവസാനമോ, ഡിസംബർ ആദ്യമോ ആവും തദ്ദേശ തിരഞ്ഞെടുപ്പ്. അത് കഴിഞ്ഞ് അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങളും തുടങ്ങും. രണ്ട് തിരഞ്ഞെടുപ്പുകൾക്ക് സജ്ജമാവേണ്ടതിനാൽ ഇതിനിടെ സംഘടനാ വിഷയങ്ങൾ കൂട്ടിക്കുഴച്ചാൽ അത് ഗുണകരമാവില്ല. ഫലത്തിൽ പുനഃസംഘടന എന്നത് ഒരു പ്രതീക്ഷ മാത്രമായി നിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |