ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ആരാണ് കേമനെന്ന മത്സരം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴ വലിയചുടുകാട്ടിൽ പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിനോയ് വിശ്വം.
സി.പി.ഐയും കൊള്ളാം സി.പി.എമ്മും കൊള്ളാമെന്ന് ജനം പരിഹാസരൂപേണ പറഞ്ഞുതുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം. തിരുത്താൻ തയ്യാറാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രഖ്യാപിക്കുകയും തിരുത്തൽ പ്രമേയം പാസാക്കുകയും ചെയ്തു. പാർട്ടിയിൽ നിന്ന് ജനങ്ങളിൽ ഒരു വിഭാഗം എങ്ങനെ അകന്നുവെന്ന് മനസിലാക്കാനും പഠിക്കാനും തിരുത്താനും തയ്യാറായാലേ മുന്നോട്ടു പോകാനാകൂ. ഇപ്പോൾ പോകുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇനി മുന്നോട്ട് പോകാനാകില്ലെന്നും ബിനോയ് പറഞ്ഞു.
അനുസ്മരണ സമ്മേളനം സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, ജില്ല സെക്രട്ടറി ആർ.നാസർ, എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, മുൻ എം.പി എ.എം ആരിഫ്, സി.പി.ഐ നേതാക്കളായ വി.മോഹൻദാസ്, ദീപ്തി അജയകുമാർ, ആർ. സുരേഷ്, പി.കെ.സദാശിവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |