പാലക്കാട്: ഷാഫി പറമ്പിൽ എന്ന യുവജന നായകനെ തുടർച്ചയായി മൂന്നു തവണ നിയമസഭയിലേക്ക് കൈ പിടിച്ച് കയറ്റിയ നെല്ലറയിലെ ജനതയോട് വോട്ടുതേടിയിറങ്ങി യു.ഡി.ഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മുന്നിൽ നിന്ന് നയിച്ച് ഷാഫി പറമ്പിൽ എം.പി.
വടക്കന്തറ ക്ഷേത്ര ദർശനത്തോടെയായിരുന്നു രാഹുലിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ക്ഷേത്രദർശനത്തിനിടെ കണ്ടുമുട്ടിയവരുമായി സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.അച്യുതന്റെ ചിറ്റൂരിലെ ഭവനത്തിലെത്തി അനുഗ്രഹം തേടി. ശേഷം, മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ സന്ദർശിച്ച് ആശിർവാദം വാങ്ങി. യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും സ്നേഹിച്ചാൽ ഹൃദയം നൽകി സ്വീകരിക്കുന്നവരാണ് പാലക്കാട്ടുകാർ. യു.ഡി.എഫിന് മികച്ച ഭൂരിപക്ഷത്തിൽ വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് മേപ്പറമ്പ് ജുമാ മസ്ജിദിലെത്തിയും വോട്ടർമാരെ കണ്ടു. ഇതിനു ശേഷം വെണ്ണക്കര ബിഷപ്പ് ഹൗസിലെത്തി ബിഷപ്പിന്റെ അനുഗ്രഹം തേടി. പാലക്കാട് പ്രസ് ക്ലബ്ബിലെത്തി മാദ്ധ്യമപ്രവർത്തകരുമായും സംസാരിച്ചു. വൈകീട്ട് എൻ.എസ്.എസ് പാലക്കാട് താലൂക്ക് യൂണിയൻ ഓഫീസിലെത്തിയും,എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ കണ്ടും പിന്തുണ തേടി. ഷാഫി പറമ്പിൽ എംപി, കെ.എസ്. ശബരിനാഥ്, അബിൻ വർക്കി, കെ.എം. അഭിജിത്ത്, സി.വി. സതീഷ്, അനിൽ ബാലൻ, ഇസ്മയിൽ പിരായിരി, കെ.എസ്. ജയഘോഷ്, വിനോദ് ചെറാട്, ഗിരീഷ് ഗുപ്ത തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |