പരിയാരം: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ കലാശിച്ച അഴിമതിയാരോപണം ഉന്നയിച്ച പ്രശാന്തൻ സ്വന്തം ജോലിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ അടച്ചിട്ട വഴികൾ തുറന്നുകൊടുത്ത് സഖാക്കൾ സഹായമൊരുക്കി.
മാദ്ധ്യമങ്ങളുടെ കണ്ണിൽപെടാതിരിക്കാനാണ് ഗവ.മെഡിക്കൽ കോളേജിൽ സ്ഥിരമായി അടച്ചിടുന്ന വഴികൾ പ്രശാന്തനായി തുറന്നത്.
ഉച്ചക്ക് മുമ്പായി പ്രശാന്തൻ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. രാവിലെ മുതൽ തമ്പടിച്ച മാദ്ധ്യമപ്രവർത്തകരാരും കണ്ടില്ല. നേരത്തെ പ്ലാൻ ചെയ്ത പ്രകാരം ഒറ്റക്ക് ആരുടെയും ശ്രദ്ധയിൽപെടാതെയാണ് എത്തിയത്. വൈകുന്നേരം അഞ്ചരയ്ക്കാണ് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ എത്തിയത്. പ്രശാന്തന്റെ മൊഴിയെടുപ്പ് വൈകുന്നേരം 6.50 നും പൂർത്തിയായില്ല.
എ.ഡി.എമ്മിനു കൈക്കൂലി നൽകിയെന്ന് ആരോപിച്ച പ്രശാന്തനിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് അഡിഷണൽ ചീഫ് സെക്രട്ടറി എത്തിയത്. പരിയാരം മെഡിക്കൽ കോളജ് ഇലക്ട്രിക് വിഭാഗം ജീവനക്കാരനായ പ്രശാന്തനെ പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എ.ഡി.എമ്മിന്റെ മരണം അന്വേഷിക്കുന്ന ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിക്കു മുന്നിൽ രണ്ടുതവണ മൊഴി നൽകാൻ രഹസ്യമായി പ്രശാന്തൻ എത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ മാദ്ധ്യമപ്രവർത്തരുടെ മുന്നിൽനിന്ന് ഈയാൾ ഓടിമാറുകയായിരുന്നു.
എ.ഡി.എമ്മിന്റെ മരണ ശേഷം മെഡിക്കൽ കോളജിൽ ജോലിക്ക് എത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |