തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണം പൂശാൻ ബംഗളൂരുവിലെ മലയാളി വ്യവസായി 35 ലക്ഷം മുടക്കിയെന്ന സഹോദരന്റെ വെളിപ്പെടുത്തലോടെ ശബരിമലയുടെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പണപ്പിരിവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അജികുമാർ 2020 ൽ കൊവിഡ് ബാധിച്ച് മരിച്ചു. ഇദ്ദേഹത്തിന്റെ സഹോദരനായ അനിൽ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 35 ലക്ഷം രൂപ മുടക്കിയെന്ന് സഹോദരൻ തന്നെയാണ് വെളിപ്പെടുത്തിയതെന്നും അനിൽ പറഞ്ഞു. ദ്വാരപാലക ശില്പങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായും സഹോദരൻ
വെളിപ്പെടുത്തി. ദ്വാരപാലക ശില്പങ്ങൾ ചെന്നൈയിൽ നിന്ന് ബംഗളൂരുവിൽ എത്തിച്ചശേഷം അവിടെ നിന്നാണ് മൂവാറ്റുപുഴയിൽ കൊണ്ടുവന്നത്. പണം മുടക്കിയ അജികുമാറിന്റെ കുടുംബ വീട് ഇവിടെയാണ്. ഒരു രാത്രിയും ഒരു പകലും ദ്വാരപാലക ശിൽപങ്ങൾ ഇവിടെ പൂജകൾക്കായി സൂക്ഷിച്ചു. അതിനുശേഷം കോട്ടയത്തെ പള്ളിക്കത്തോട് കൊണ്ടുപോയി. അവിടെ നിന്നാണ് സന്നിധാനത്ത് എത്തിച്ചത്.. അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ 35 ലക്ഷം രൂപ അജികുമാർ മുടക്കിയത്. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പൂജകളിൽ സഹോദരനൊപ്പം താനും പങ്കെടുത്തിട്ടുണ്ട്. കൊവിഡ് ബാധിച്ച സഹോദരന്റെ ചികിത്സയ്ക്കായി കാര്യങ്ങൾ ചെയ്തത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ഈ വിവരങ്ങൾ അജികുമാറിന്റെ മരണശേഷമാണ് അറിഞ്ഞതെന്നും അനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |