തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലിം ഉന്നമനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന എസ്.എൻ.ഡി.പിയോഗം ചെമ്പഴന്തി,കോവളം, ഡോ.പി.പല്പു , പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയനുകളിലെ ശാഖാ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലീം ലീഗ് മത പാർട്ടിയാണ്. മുസ്ലിം സമുദായത്തിന് അനുകൂലമായ ഭരണമാണ് ലീഗിന്റെ ലക്ഷ്യം. എന്നിട്ടും മതേതരത്വമാണ് സംസാരിക്കുന്നത്. യു.ഡി.എഫ് ഭരണമെന്നാൽ ലീഗ് ഭരണം എന്നാണ് അർത്ഥം. ലീഗ് നയിക്കും, ലീഗ് വകുപ്പെടുക്കും, ലീഗ് പണം കൊണ്ടുപോകും എന്നതാണ് സ്ഥിതി. മുസ്ലിം സംഘടനകൾക്ക് മസിൽ പവറും മാൻ പവറും മണി പവറുമുണ്ട്. മത തീവ്രവാദികളെ ഒറ്റപ്പെടുത്തി ദേശീയ വാദികളെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനുള്ള ചിന്തയുണ്ടാകണമെന്നും വെളളാപ്പളളി പറഞ്ഞു.
ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ രാജിവയ്‌ക്കണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട് .ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ടാണ് വളരാൻ അനുവദിക്കാത്തത്. വേറെയും മന്ത്രിമാരില്ലേ? ഗണേശ് കുമാർ രാജിവെക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ലെന്നും വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവെക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതികമായി രാഷ്ട്രീയ അധികാരം ലഭിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ കണക്കുപറഞ്ഞ് അവകാശങ്ങൾ നേടിയെടുക്കണം.ആൾകൂട്ടമായി മാറുകയല്ല , ഈഴവന്റെ മഹാശക്തി രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ബോദ്ധ്യമാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം ദൈവത്തിന്റെ കൈകൊണ്ട്
സൃഷ്ടിക്കപ്പെട്ട ഏക സംഘടന : തുഷാർ
ശ്രീനാരായണഗുരുവെന്ന ദൈവത്തിന്റെ തൃക്കൈകളാൽ സൃഷ്ടിക്കപ്പെട്ട ഏക സംഘടനയാണ് എസ്.എൻ.ഡി.പി യോഗമെന്നും അതിനെ തകർക്കാൻ ആർക്കും കഴിയില്ലെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഈഴവ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് എസ്.എൻ.ഡി.പി യോഗം രൂപീകരിച്ചതെന്ന് ബൈലോയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. അത്തരമൊരു സംഘടനയുടെ ജനറൽ സെക്രട്ടറി പദവിയിലിരിക്കുന്ന വെള്ളാപ്പള്ളി നടേശൻ ഈഴവ സമൂഹത്തിന്റെ കാര്യമല്ലാതെ മറ്റെന്താണ് പറയേണ്ടത്. കേരളത്തിലെ ജനസംഖ്യയിലെ മൂന്നിലൊന്ന് വരുന്ന ഈഴവ സമൂഹം സാമുദായികമായി സംഘടിക്കുമ്പോൾ എന്തിനാണ് ചിലരെല്ലാം ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |