തിരുവനന്തപുരം: ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്നും സേനയിലെ ക്രിമിനലുകൾക്കെതിരായ നടപടികൾ വേഗത്തിലാക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ നിർദ്ദേശം. ഇന്നലെ ഓൺലൈനായി ചേർന്ന യോഗത്തിലാണിത്.
സേനയിലെ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്കെതിരായ വകുപ്പുതല അന്വേഷണമടക്കം വേഗത്തിലാക്കി ശിക്ഷാനടപടിയെടുക്കണം. പൊലീസിലെ കുഴപ്പക്കാർക്കെതിരേ നടപടിയെടുക്കുന്നതിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറരുതെന്നും കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിക്കരുതെന്നും ഡി.ജി.പി നിർദ്ദേശിച്ചു.
കസ്റ്റഡിമർദ്ദനം അനുവദിക്കില്ലെന്നും അന്വേഷണത്തിന് മൂന്നാംമുറ പ്രയോഗം പാടില്ലെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴേത്തട്ടിൽ വരെയുള്ളവർ ശാസ്ത്രീയമായ അന്വേഷണമായിരിക്കണം നടത്തേണ്ടത്. അന്വേഷണത്തിന് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. അന്വേഷണത്തിന് പ്രാകൃതരീതികൾ ഉപയോഗിക്കരുത്. സംഭവങ്ങളുടെ നിജസ്ഥിതി കണക്കിലെടുത്താവണം അന്വേഷണം. ഒരു തരത്തിലുമുള്ള ബാഹ്യസമ്മർദ്ദത്തിനും വഴങ്ങരുത്. പൊലീസുകാർക്ക് മൂല്യച്യുതി പാടില്ല. ക്രിമിനൽ-ബിനാമി-അനാശാസ്യ ബന്ധമുള്ളവരുമായി ഒരുതരത്തിലുമുള്ള അവിശുദ്ധബന്ധം പാടില്ലെന്നും നിർദ്ദേശിച്ചു. ഇത്തരക്കാർക്കെതിരേ എസ്.പിമാർ മുഖംനോക്കാതെ നടപടിയെടുക്കണം. ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ മേലുദ്യോഗസ്ഥർ ശ്രമിക്കരുത്. സൈബർ അന്വേഷണത്തിൽ കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് കാലത്ത് വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടാവും. ഇതിനായുള്ള സൈബർ പ്രചാരണങ്ങളടക്കം മുൻകൂട്ടി കണ്ടെത്തി തടയണം. സൗഹാർദ്ദപരമായ അന്തരീക്ഷമാണെന്നുകരുതി അലസമായിരിക്കാതെ മുൻകരുതലായി നടപടികളെടുക്കണം. കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകർക്കുമേൽ കാപ്പ (ഗുണ്ടാ നിയമം) ചുമത്തരുതെന്നും എസ്.പിമാരോട് ഡി.ജി.പി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |