
കൊച്ചി: ആറു വയസുകാരി അദിതി എസ്. നമ്പൂതിരി ശാരീരിക പീഡനവും പട്ടിണിയും മൂലം മരിച്ച കേസിൽ ഒന്നാം പ്രതിയും പിതാവുമായ കോഴിക്കോട് തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് ലക്ഷ്മി നിവാസിൽ സുബ്രഹ്‌മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും രണ്ടാനമ്മയുമായ റംല ബീഗം (ദേവിക അന്തർജനം) എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. രണ്ടു ലക്ഷം രൂപ വീതം പിഴയും നൽകണം.
സർക്കാരിന്റെ അപ്പീലിൽ പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി ഇവർക്ക് മൂന്നും രണ്ടും വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചിരുന്നത്. ഈ ശിക്ഷ പ്രതികൾ അനുഭവിച്ചുകഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. 2016 നവംബർ മൂന്നിനാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 2013 ഏപ്രിൽ 29നാണു അദിതി മരിച്ചത്.
പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അദിതിയുടെ സഹോദരൻ അരുണിന് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഒന്നാം പ്രതിക്ക് ആദ്യ ഭാര്യയിൽ ജനിച്ച കുട്ടിയാണ് അദിതി. മകൻ അരുണിനെയും സുബ്രഹ്മണ്യൻ നമ്പൂതിരിയും റംലയും മർദ്ദിക്കാറുണ്ടായിരുന്നു. കുട്ടിയെ വധിക്കണമെന്ന് പ്രതികൾക്ക് ഉദ്ദേശ്യമില്ലായിരുന്നെന്നും അച്ചടക്കത്തിനായി പരിക്കേൽപ്പിച്ചതാണെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തൽ ഹൈക്കോടതി തള്ളി.
പൂജാരിയുടെ വാദം തള്ളി
തങ്ങൾ നിരപരാധികളാണെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. പാലക്കാട് ഒരു ക്ഷേത്രത്തിലെ പൂജാരിയായ സുബ്രഹ്‌മണ്യൻ നമ്പൂതിരി, അപസ്മാരം ഉൾപ്പെടെ അസുഖങ്ങളുണ്ടെന്ന് കോടതിയിൽ ബോധിപ്പിച്ചിരുന്നു. പല അസുഖങ്ങളും അലട്ടുന്നുണ്ടെന്ന് രണ്ടാം പ്രതിയും അറിയിച്ചിരുന്നു.
കുട്ടികളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ അവരെ മർദ്ദിച്ചതെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ടി.വി. നീമ വാദിച്ചു. സംരക്ഷണം നൽകേണ്ടവരിൽ നിന്ന് പൈശാചികമായ ക്രൂരതയാണ് പെൺകുട്ടി നേരിട്ടത്. സ്വകാര്യഭാഗത്ത് തിളച്ചവെള്ളം ഒഴിക്കുക വരെ ചെയ്തു. അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു. 10 മാസത്തെ നിരന്തര ഉപദ്രവമാണ് കുട്ടിയുടെ മരണകാരണമെന്ന് കോടതി നിരീക്ഷിച്ചു. വധശിക്ഷയ്‌ക്ക് സുപ്രീംകോടതി നിഷ്കർഷിച്ച മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ലെന്ന് കണ്ടാണ് ശിക്ഷ ജീവപര്യന്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |