SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.55 PM IST

ദേവസ്വം ബോർഡിൽ വർണവെറി, പട്ടികജാതി പൂജാരി രാജിവച്ചു

Increase Font Size Decrease Font Size Print Page
vishnu

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മൂന്നുമാസംമുമ്പ് നിയമനം ലഭിച്ച പട്ടികജാതിക്കാരനായ പൂജാരി ഉദ്യോഗസ്ഥരുടെയും യൂണിയൻ നേതാക്കളുടെയും ജാതിപീഡനങ്ങളിലും പ്രതികാരനടപടികളി​ലും മനം മടുത്ത് ജോലി രാജിവച്ചു. പറവൂർ ഗ്രൂപ്പിലെ തിരുവാലൂർ സബ്ഗ്രൂപ്പിൽപ്പെട്ട വാതുറക്കാവ് ഭഗവതി ക്ഷേത്രപൂജാരിയായ നീറിക്കോട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണുവാണ് (23) ജാതി​വെറി​യുടെ അവസാന ഇര.

രണ്ടുവർഷം മുമ്പ് പകരക്കാരനായി തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ജോലി ചെയ്യവേ, ജാതി അധിക്ഷേപം നേരിട്ടിരുന്നു. അന്ന് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ സമാധാനപരമായി ജോലി ചെയ്യാനാവില്ലെന്ന് പറവൂർ ദേവസ്വം അസി. കമ്മിഷണർ ഭീഷണിപ്പെടുത്തിയതാണ് രാജിയിലേക്ക് നയിച്ചത്. ഭീഷണിക്കെതിരെ മുനമ്പം ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ ബോർഡിലെ ഇടതുസംഘടന സംസ്ഥാന നേതാവായ പ്രമുഖക്ഷേത്രത്തിലെ മേൽശാന്തിയേയും പരാമർശിച്ചിരുന്നു. സ്റ്റേഷനിൽ ഒത്തുതീർപ്പായെങ്കിലും യൂണിയൻ വെറുതേയിരുന്നില്ല. അംഗത്വ അപേക്ഷയ്ക്ക് നൽകിയതുക മടക്കി നൽകി. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി.

നവംബർ ഏഴിനാണ് ജോലി​യി​ൽ പ്രവേശി​ച്ചതെങ്കി​ലും അതി​നും മുമ്പേ വി​ഷ്ണുവി​നുള്ള 'പണി​" തുടങ്ങി​യി​രുന്നു. അഡ്വൈസ് മെമ്മോ ഇറങ്ങിയപ്പോൾത്തന്നെ രണ്ട് വ്യാജപരാതികളെത്തി.രണ്ടു പരാതികളിലും കള്ളവിലാസമാണ്. വീടിനടുത്തുള്ള നീറിക്കോട് മഹാദേവ ക്ഷേത്രത്തിൽ നിയമനം നിഷേധിക്കാനാണ് അങ്ങനെ ചെയ്തത്. രാജി​ക്കത്തി​ൽ ഇക്കാര്യങ്ങളെല്ലാം സൂചി​പ്പി​ച്ചി​ട്ടുണ്ട്.

പകയ്ക്ക് പിന്നിൽ

• 2024 നവംബറിൽ പകരക്കാരനായി പറവൂർ ഗ്രൂപ്പിലെ തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പൂജചെയ്യവേ ജാതീയമായി​ വി​ഷ്ണുവി​നെ ആക്ഷേപി​ച്ച കേസി​ൽ ഉപദേശകസമിതി മുൻഭാരവാഹി ജയേഷ് അറസ്റ്റി​ലായി.

• 2025 നവംബർ 7ന് വാതുറക്കാവ് ക്ഷേത്രത്തി​ൽ ചുമതലയേറ്റപ്പോൾ തി​രുവാഭരണങ്ങളി​ൽ രണ്ട് മാലകൾ മുക്കുപണ്ടമാണെന്ന് കണ്ട് വിഷ്ണു റി​പ്പോർട്ട് ചെയ്തു. ആലങ്ങാട് പൊലീസ് സ്റ്റേഷനി​ൽ ദേവസ്വം പരാതിപ്പെട്ടെങ്കിലും പിന്നീട് പിൻവലിച്ചു.

• 2026 ജനുവരി​ 30ന് ജയേഷി​നെതി​രായ പരാതി​ പി​ൻവലി​ച്ചി​ല്ലെങ്കി​ൽ സമാധാനം നൽകി​ല്ലെന്ന് പറവൂരി​ലെ ദേവസ്വം അസി​. കമ്മി​ഷണർ ഭീഷണിപ്പെടുത്തി​യതി​ന് മുനമ്പം ഡി​വൈ.എസ്.പി​ക്കും

ദേവസ്വംബോർഡ് പ്രസിഡന്റിനും കമ്മിഷണർക്കും പരാതി​. പറവൂർ സ്റ്റേഷനി​ൽ പരാതി​ ഒത്തുതീർത്തു.

ഉദ്യോഗസ്ഥരുടെയും യൂണി​യൻ നേതാക്കളുടെയും ചൊൽപ്പടിക്കും അന്യായങ്ങൾക്കും വിധേയനായി നിൽക്കാത്ത, വിശേഷിച്ച് പട്ടികജാതിക്കാരനായ എന്നെപ്പോലുള്ള ഒരാൾക്ക് ബോർഡിൽ ജോലിചെയ്യുക അത്യന്തം അപകടകരമാണെന്ന് മനസി​ലായി​. വേറെ മാർഗമി​ല്ലാത്തതി​നാലാണ് രാജി​.

പി​.ആർ.വി​ഷ്ണു

TAGS: DEVASWOM BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY