SignIn
Kerala Kaumudi Online
Saturday, 27 April 2024 9.24 AM IST

'മാവേലി തവള'യെ കണ്ടെത്തിയ ഡോ.ബിജുവിന് കേരള ശ്രീ പുരസ്‌കാരം

dr-s-d-biju

ന്യൂഡൽഹി: ശാസ്‌ത്രലോകം നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം എന്നു വിശേഷിപ്പിച്ച അപൂർവ ഇനത്തിൽപെട്ട 'മാവേലി തവള'യെ കണ്ടെത്തിയ ജന്തു, സസ്യ ശാസ്‌ത്രജ്ഞനാണ് കേരള സർക്കാരിന്റെ പ്രഥമ കേരള ശ്രീ പുരസ്‌കാരത്തിന് അർഹനായ കൊല്ലം കടയ്‌ക്കൽ സ്വദേശിയും ഡൽഹി സർവകലാശാല പരിസ്ഥിതി പഠന വിഭാഗത്തിലെ സീനിയർ പ്രൊഫസറുമായ ഡോ.സത്യഭാമാ ദാസ് ബിജു (ഡോ. ബിജു).

നൂറിലേറെ പുതിയ തവളകളെ കണ്ടെത്തിയ ലോകത്തെ അഞ്ചു ജന്തുശാസ്‌ത്രജ്ഞരിൽ ഒരാൾ. ഉഭയജീവികളിലെ 96 പുതിയ ഇനങ്ങളും എട്ട് പുതിയ ജനുസുകളും രണ്ട് പുതിയ ഫാമിലികളും കണ്ടെത്തിയിട്ടുണ്ട്. 'ഇന്ത്യയുടെ തവള മനുഷ്യൻ' എന്ന വിളിപ്പേരുമുണ്ട് ഈ 59കാരന്.

purple-frog

2003ൽ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പർപ്പിൾ തവള ഇനത്തിൽപെട്ട നാസിക ബട്രാച്ചിഡേ, 2012ൽ കണ്ടെത്തിയ ചിക്കിലിഡേ ഇനങ്ങൾ 14 കോടി വർഷങ്ങൾ പഴക്കമുള്ള ഉഭയജീവി ഫാമിലികളിൽപ്പെടുന്നവയാണ്. ഇത് പരിണാമ സിദ്ധാന്തവുമായും ഭൗമോത്പത്തിയുമായും ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ നിർണായകമായി. ഇദ്ദേഹത്തെ ആദരിക്കാൻ ശാസ്ത്രജ്ഞർ ഒരു തവളയ്ക്ക് 'പോളിപെഡേറ്റ്സ് ബിജുയി' എന്ന് പേരുമിട്ടു. 'ഒളിച്ചു കഴിയുന്ന' 100ഒാളം ഇന്ത്യൻ തവള ഇനങ്ങൾക്കായുള്ള തെരച്ചിലിലാണ് ഇപ്പോൾ ബിജു.

കേരളത്തിന്റെ സ്വന്തം തവളയെന്ന് അറിയപ്പെടുന്ന 7 സെ. മീറ്റർ വലിപ്പമുള്ള മാവേലി തവളയെ (നാസികാ ബെട്രാക്കസ് സഹ്യാദ്രൻസിസ്) ഇടുക്കിയിൽ നിന്ന് കണ്ടെത്തിയത് നൂറ്റാണ്ടിന്റെ കണ്ടെത്തലെന്നാണ് ശാസ്‌ത്രലോകം വിശേഷിപ്പിച്ചത്. പേശീ ബലമുള്ള മുൻകാലുകൾ ഉപയോഗിച്ച് കുഴികുത്തി മണ്ണിനടിയിലാണ് ഇവ ജീവിക്കുന്നത്. ചിതലാണ് ഭക്ഷണം. വർഷത്തിൽ ഒരുദിവസം മാത്രമാണ് പുറത്തുവരുന്നത് എന്നതുകൊണ്ടാണ് മാവേലി തവള എന്ന പേരുവീണത്.

2004വരെ തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്‌ത്രജ്ഞനായിരുന്നു. സസ്യങ്ങൾ തേടി പശ്ചിമഘട്ടത്തിൽ നടത്തിയ നിരവധി അന്വേഷണങ്ങളും ഫോട്ടോഗ്രാഫി കമ്പവുമാണ് തവളകളിൽ താത്‌പര്യമുണ്ടാക്കിയത്. പിന്നീട് അവയ്ക്ക് പിന്നാലെയായി. ഉഭയജീവി ഗവേഷണത്തിന് 2006ൽ ഡൽഹി സർവകലാശാലയിൽ സിസ്റ്റമാറ്റിക്സ് ലാബ് സ്ഥാപിച്ചു. ഹാർവാർഡ് യൂണിവേഴ്‌സിറ്റി ഓർഗാനിസ്‌മിക് ആന്റ് ഇവല്യൂഷണറി ബയോളജി ഡിപ്പാർട്ട്‌മെന്റിന്റെ അസോസിയേറ്റുമാണ്.

വംശനാശ ഭീഷണിയുള്ള ഉഭയജീവികളുടെ സംരക്ഷണത്തിന് ഇന്റർനാഷണൽ യൂണിയൻ ഒഫ് കൺസർവേഷൻ ഒാഫ് നാച്വറിന്റെ 2008ലെ സാബിൻ അവാർഡ്, സാങ്‌ച്വറി വൈൽഡ് ലൈഫ് സർവീസ് അവാർഡ് (2011) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ.അനിത, മക്കൾ: അഞ്ജു പാർവതി (പെൻസിൽവാനിയ യൂണിവേഴ്സിറ്റി), കല്യാണി (ബി.ഡി.എസ് വിദ്യാർത്ഥി, അമൃത യൂണിവേഴ്സിറ്റി, കൊച്ചി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTOR BIJU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.