കൊല്ലം: ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിനെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ നൽകിയ അപേക്ഷയിൽ കൊട്ടാരക്കര ജെ.എഫ്.എം.സി കോടതി, ഇന്ന് പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിലിന് പ്രൊഡക്ഷൻ വാറണ്ട് നൽകി.
ആദ്യഘട്ടമായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് ആലോചനയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസ് പറഞ്ഞു. പിന്നീട് ആവശ്യമെങ്കിൽ കസ്റ്റഡി കാലാവധി നീട്ടാൻ അപേക്ഷ നൽകും.
ഒരുപക്ഷെ ഇന്നുതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രി, സന്ദീപിന്റെ വീട്ടുപരിസരം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആദ്യഘട്ട ചോദ്യം ചെയ്യലും ഇന്നുതന്നെ ഉണ്ടാകും. സന്ദീപിന്റെ അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുള്ള സംഭവങ്ങൾ സംബന്ധിച്ച മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ദൃക്‌സാക്ഷികളുടെയും ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരുടെയും മൊഴി നേരത്തെ തന്നെ കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയിരുന്നു.
വിചാരണ വേളയിൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ നിരീക്ഷണ കാമറ ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം സംഭവ സമയത്ത് താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നവരുടെ മൊഴി കൂടുതൽ വിശദമായി വീണ്ടും രേഖപ്പെടുത്തും.
കൊലപാതകത്തിന് മുമ്പ് സന്ദീപിനെ ഡോ. വന്ദനാദാസ് അടക്കമുള്ളവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തന്റെ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സന്ദീപ് തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതാണെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. സന്ദീപിന്റെ ഫോൺ വിശദപരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്കും രക്തസാമ്പിൾ കെമിക്കൽ ലാബിലേക്കും അയച്ചു.
സന്ദീപിനെതിരെ വിട്ടുവീഴ്ചയില്ലാത്ത
നടപടിയെടുക്കും: വി.ശിവൻകുട്ടി
കൊച്ചി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ ഇനിയും സർവീസിലുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സന്ദീപിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എസ്.എസ്.എൽ.സി മൂല്യനിർണയ ഡ്യൂട്ടിയിൽനിന്ന് അകാരണമായി വിട്ടുനിന്ന മൂവായിരത്തിലധികം അദ്ധ്യാപർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നിയമാനുസൃതം അവധി അപേക്ഷിച്ച് മാറിനിന്നവരുണ്ട്. അല്ലാത്തവർക്കെതിരെ നടപടിയുണ്ടാകും. കോളേജിലെ അദ്ധ്യാപകർക്ക് പരീക്ഷാ മൂല്യനിർണയത്തിന് പ്രത്യേകശമ്പളമില്ല. എന്നാൽ ഇവർക്ക് പണം നൽകുന്നുണ്ട്. വിദ്യാർത്ഥികളായാലും അദ്ധ്യാപകരായാലും അച്ചടക്കം ആവശ്യമാണ്.
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കാനും പാഠപുസ്തകം ലഭിക്കാനുമൊക്കെ സമരം നടത്തിയിരുന്ന കാലഘട്ടം കഴിഞ്ഞുപോയി. ഒന്നരമാസംമുമ്പേ പാഠപുസ്തകം വിതരണം പൂർത്തിയായി. അഡ്മിഷന് കോഴവാങ്ങുന്ന നടപടി അംഗീകരിക്കില്ല. ടി.സി പിടിച്ചുവെക്കുന്നതായി പരാതി ഉയരുന്നുണ്ട്. അങ്ങനെയൊരു അധികാരവും മാനേജ്മന്റുകൾക്കില്ല. പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. പൊതുവിദ്യാലയത്തിലെ അദ്ധ്യാപകർ പ്രൈവറ്റ് ട്യൂഷനെടുക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |