SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.50 PM IST

വിൽക്കാൻ നിയമമില്ല , 260 കോടിയുടെ ആനക്കൊമ്പ് സർക്കാർ കത്തിക്കണം

Increase Font Size Decrease Font Size Print Page
ivory

തിരുവനന്തപുരം: ചരിഞ്ഞ ആനകളിൽ നിന്ന് ശേഖരിച്ചതും കേസുകളിൽ പിടിച്ചെടുത്തതുമായി വനംവകുപ്പിന്റെ കൈവശം 13 ടണ്ണിലേറെ ആനക്കൊമ്പ്. 260 കോടിയിലേറെ വിപണിമൂല്യമുള്ള ഇവ വിൽക്കുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകൾ 2023ലെ നിയമപ്രകാരം കത്തിച്ചു നശിപ്പിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ നിർദ്ദേശം.

വനംവകുപ്പ് ആസ്ഥാനത്തെയും റേഞ്ച് ഓഫീസുകളിലെയും ജില്ലാ ട്രഷറികളിലെയും സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. തൊണ്ടി മുതലായി കോടതികളിലും ആനക്കൊമ്പുണ്ട്. ആനക്കൊമ്പും മാൻകൊമ്പും കരസേനയുടെ ഓഫീസുകൾക്ക് കൈമാറാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. അതുപ്രകാരമാണ് പാങ്ങോട് കേന്ദ്രത്തിന് കൈമാറിയത്. വയനാട് കളക്ടറുടെ ഓഫീസിൽ സ്ഥാപിക്കാൻ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് സഹിതം 1991ൽ സർക്കാർ ആനക്കൊമ്പുകൾ കൈമാറിയിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിന്റെയും വനസമ്പത്തിന്റെയും പ്രതീകമായാണ് ഉന്നത ഓഫീസുകളിൽ ആനക്കൊമ്പ് പ്രദർശിപ്പിക്കുന്നത്. പാങ്ങോട് കരസേനാ കേന്ദ്രത്തിലെ മദ്രാസ് റജിമെന്റ് ആറും ഗൂർഖാ റൈഫിൾസ് നാലും ആനക്കൊമ്പ് ആവശ്യപ്പെട്ട് 2024ൽ വനംവകുപ്പിനെ സമീപിച്ചിരുന്നു. കേന്ദ്രം എതിർത്തതോടെ കൈമാറാനായില്ല.

കത്തിക്കില്ലെന്ന് കേരളം

കേരളത്തിൽ ആനക്കൊമ്പുകൾ കത്തിച്ചു നശിപ്പിച്ചിട്ടില്ല. ഇതിനെ പരസ്യമായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ, വനംവകുപ്പിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന മാൻ കൊമ്പുകൾ, കാട്ടുപോത്തിന്റെ കൊമ്പുകൾ അടക്കം കത്തിച്ചിട്ടുണ്ട്. കേസുകളിൽ പിടിച്ചെടുക്കുന്നവയാണിവ. കേന്ദ്രാനുമതി നേടിയശേഷം കർണാടകസർക്കാർ വർഷങ്ങൾക്ക് മുൻപ് ആനക്കൊമ്പുകൾ കത്തിച്ച് നശിപ്പിച്ചിരുന്നു.

1972ലെ വനസംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് പോലുള്ള വസ്തുക്കൾ സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ളതാണെന്നും സൂക്ഷിക്കാനായി മറ്റാർക്കും കൈമാറാനാവില്ലെന്നും ഫോറസ്റ്റ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വനംവകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് മറികടന്നാണ് സൈന്യത്തിനും കളക്ടർമാർക്കുമടക്കം കൊമ്പുകൾ നൽകിയത്. തമിഴ്നാട് വനംവകുപ്പും കരസേനയ്ക്ക് ആനക്കൊമ്പുകൾ കൈമാറിയിട്ടുണ്ട്.

ആന ചരിഞ്ഞാൽ

കൊമ്പ് സർക്കാരിന്

കാട്ടാനയോ നാട്ടാനയോ ചരിഞ്ഞാൽ കൊമ്പുകളും നഖവും സർക്കാരിലേക്ക് നൽകണമെന്നാണ് ചട്ടം. പ്രതിവർഷം അറുപതിലേറെ ആനകൾ ചരിയുന്നുണ്ട്. ഭൂരിഭാഗവും കാട്ടാനയാണ്. വൈദ്യുതാഘാതമേറ്റും ട്രെയിനിടിച്ചും രോഗബാധിതരായും ആനകൾ ചരിയുന്നുണ്ട്. കൊമ്പിനായി വേട്ടയാടുന്നുമുണ്ട്. മലയാറ്റൂർ കേസിൽ 500കിലോ കൊമ്പാണ് പിടിച്ചത്.

₹2കോടി

പാങ്ങോട് കരസേനാകേന്ദ്രത്തിൽ നിന്ന് കൊള്ളയടിച്ച 2ആനക്കൊമ്പുകൾക്ക് 2കോടി വിലയുണ്ടെന്നാണ് എഫ്.ഐ.ആറിലുള്ളത്.

TAGS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY