
കൊച്ചി: ഇടിമിന്നലിന്റെ അകമ്പടിയോടെ വൈകിട്ട് മണിക്കൂറുകളോളം പെയ്ത കനത്തമഴയിൽ എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. നഗരത്തിലെ എം.ജി റോഡിൽ കടകളിലുൾപ്പെടെ വെള്ളംകയറി. കാറ്റിലും മഴയത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണും മരങ്ങൾ കടപുഴകിയും ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.
വൈകിട്ട് ആറോടെ തുടങ്ങിയ മഴ രാത്രി എട്ടുവരെ നീണ്ടു. എം.ജി റോഡിന്റെ മിക്ക ഭാഗങ്ങളിലും ഇതോടെ വെള്ളംകയറി. വുഡ്ലാൻഡ്സ് ജംഗ്ഷൻ, ജോസ് ജംഗ്ഷൻ തുടങ്ങി പ്രധാന ജംഗ്ഷനുകളിലും സൗത്ത് മെഡിക്കൽ ട്രസ്റ്റ്, രവിപുരം ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി.
മാധവഫാർമസി ജംഗ്‌ഷനിലെ വെള്ളക്കെട്ട് മാറ്റാൻ ഫയർഫോഴ്സ് പമ്പിംഗ് നടത്തി. രവിപുരം പി.എസ്. മേനോൻ റോഡിലും പമ്പിംഗ് വേണ്ടിവന്നു. രാത്രി മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. ഇടപ്പള്ളിയിൽ ലുലുമാളിന് സമീപത്തുനിന്ന് ഇടപ്പള്ളി ടോൾവരെ റോഡിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി.
തമ്മനം, കലൂർ, പാലാരിവട്ടം, വൈറ്റില കണ്ണാടിക്കാട് തുടങ്ങി നഗരത്തിന്റെ വിവിധയിടിങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണു. ഫയർഫോഴ്സ് എത്തിയാണ് വെട്ടിമാറ്റിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തും എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റേഷൻ പരിസരത്തും വെള്ളം കയറിയെങ്കിലും ട്രെയിൻ, ബസ് ഗതാഗതത്തെ ബാധിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |