കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. പി കെ സുരേഷ് കുമാർ എന്നയാളുടെ അക്കൗണ്ട് ആണ് മരവിപ്പിച്ചത്.
ദേവൻ രാമചന്ദ്രനെതിരെ നടന്ന സൈബർ ആക്രമണത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്‌സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അപകീർത്തിപ്പെടുത്തൽ, കലാപത്തിനുള്ള ശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇതിൽ അന്വേഷണം തുടരുന്നതിനിടെയാണ് സുരേഷ് കുമാറിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ കോടതി ജഡ്‌ജിമാരെ അധിക്ഷേപിക്കാൻ പൗരന് നിയമം അനുവാദം നൽകുന്നില്ലെന്നും പി കെ സുരേഷ് കുമാറിനെതിരെ കർശന നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
പൊതുസ്ഥലത്തെ അനധികൃത ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെ കടുത്ത നടപടിയുണ്ടാകുമെന്ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം ആരംഭിച്ചത്.
ഹൈക്കോടതി നിർദേശം നടപ്പിലാക്കാൻ അധികൃതർ നടപടി സ്വീകരിച്ചതോടെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചിലർ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇതിനെതിരെയാണ് അഭിഭാഷകനായ ജയ്‌സിംഗ് സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. സൈബർ ക്രൈം അസി. കമ്മിഷണർ എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |