
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ എം- പരിവാഹൻ ആപ്പിന്റെ പേരിൽ വ്യാപക സൈബർ തട്ടിപ്പ്.
അഞ്ഞൂറും ആയിരവും വീതമാണ് ഓരോരുത്തർക്കും നഷ്ടമാവുന്നതെങ്കിലും പലതുള്ളി പെരുവെള്ളം എന്നതുപോലെ വൻതുക തട്ടിപ്പുകാരുടെ പക്കലെത്തുന്നു.
ട്രാഫിക് സിഗ്‌നൽ പാലിക്കാതെയുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിച്ചില്ല തുടങ്ങിയ നിയമലംഘനങ്ങൾക്കുള്ള പിഴയുടെ
ഇ- ചെലാനെന്ന പേരിൽ വാട്‌സ് ആപ്പിൽ ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (എ.പി.കെ) ഫയൽ അയച്ചുതരും.
പിഴയടക്കാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നാവും ആദ്യ നിർദേശം. ക്ലിക്ക് ചെയ്താൽ ഡൗൺലോഡാവുന്നത് ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന ആപ്പായിരിക്കും. ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൺടാക്ട്, ഫോൺകാൾ, എസ്.എം.എസ് സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ അനുമതി ചോദിക്കും. നൽകിയാൽ ഫോണിലെ പ്രധാന വിവരങ്ങൾ കൈക്കലാക്കും. കോൺടാക്ട് ലിസ്റ്റിലുള്ള നമ്പരുകളിക്ക് ഇതേ സന്ദേശം ചെല്ലും. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഇത്തരത്തിൽ പണം തട്ടിയതായി വിവരമുണ്ട്.
എം പരിവാഹന് വാട്സാപ്പില്ല;
ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
# ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ, അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ് ചെയ്യാനോ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
# എം പരിവാഹൻ ആപ്ലിക്കേഷൻ ഫയൽ ഇല്ല. പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിലൂടെ മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാവൂ.
# ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് മാത്രം ഇ- ചെലാൻ വിവരങ്ങൾ സ്വീകരിക്കുക. പിഴ അടയ്ക്കാനുള്ള സന്ദേശം ലഭിച്ചാൽ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കണം.
``സന്ദേശം അറിയാതെ തുറന്നതോടെ എന്റെ വാട്‌സ് ആപ്പ് നമ്പരിൽ നിന്ന് പലരിലേക്കും സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടു.``
-പ്രദീപ്,
തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |