
കൊച്ചി: സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പ് ശക്തിപ്പെടുത്താനായി 20 തസ്തികകൾകൂടി സൃഷ്ടിച്ചുകൊണ്ടുള്ള ഫയൽ നാലു മാസമായി വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഉറങ്ങുന്നു. അഞ്ചു വർഷം മുമ്പ് തുറന്ന ഫയൽ എല്ലാ 'കറക്ക"ങ്ങളും കഴിഞ്ഞാണ് അന്തിമാനുമതിക്കായി വകുപ്പ് മന്ത്രിയുടെ ഓഫീസിലെത്തിയത്. മന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ച് മന്ത്രിസഭയുടെ അംഗീകാരവും കിട്ടിയാൽ 20 തസ്തികകൾ കൂടി വകുപ്പിന് ലഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റംച്ചട്ടം വരുംമുമ്പ് ഇത് നടന്നില്ലെങ്കിൽ വീണ്ടും വർഷങ്ങളെടുക്കാം.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള ഭരണപരിഷ്കാര വകുപ്പ് വർക്ക് സ്റ്റഡി നടത്തി റിപ്പോർട്ട് ചെയ്ത ഫയലിൽ വകുപ്പുമന്ത്രി ഒ.ആർ. കേളുവിന്റെയും മുഖ്യമന്ത്രിയുടെയും ഒപ്പുവീണാൽ മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. ആഗസ്റ്റിൽ റിപ്പോർട്ടായി ഒക്ടോബറിൽ ഓഫീസിലെത്തിയതാണെങ്കിലും വകുപ്പുമന്ത്രി ഇതുവരെ കണ്ടിട്ടില്ല.
കഴിഞ്ഞ രണ്ടു ക്യാബിനറ്റ് യോഗങ്ങളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 69 പുതിയ തസ്തികകളും നവംബറിൽ ആരോഗ്യവകുപ്പിൽ 202 തസ്തികകളും അംഗീകരിച്ചിരുന്നു.
ഫയൽ കറങ്ങിയത് 305 തവണ
2021 ഒക്ടോബർ 9ന് തുറന്ന BCDD-A1/345/2021-BCDD നമ്പർ ഫയൽ ഉദ്യോഗസ്ഥ, മന്ത്രിതലങ്ങളിൽ 305 തവണ കയറിയിറങ്ങിയാണ് പിന്നാക്കക്ഷേമവകുപ്പ് മന്ത്രിയുടെ ഓഫീസിൽ കഴിഞ്ഞ ഒക്ടോബർ 23ന് എത്തിയത്.
ആകെ 30 ജീവനക്കാർ
ഒരോ ജില്ലയ്ക്കും ഒരു ക്ളാർക്ക് പോലുമില്ലാത്ത ദാരിദ്ര്യം പിടിച്ച വകുപ്പാണ് 2011ൽ ആരംഭിച്ച പിന്നാക്ക ക്ഷേമവകുപ്പ്. സംസ്ഥാനത്തെ 65 % വരുന്ന പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനായി വകുപ്പിൽ ആകെയുള്ളത് 30 ജീവനക്കാർ! തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് കൂടാതെ നാല് ജില്ലകളിലെ മേഖല ഓഫീസുകൾ വഴിയാണ് ലക്ഷക്കണക്കിന് സ്കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത്.
ചോദിച്ചത് 103
103 പുതിയ തസ്തികകളും 10 ജില്ലാ ഓഫീസുകളും സൃഷ്ടിക്കണമെന്ന ശുപാർശയിൽ 20 തസ്തികയ്ക്ക് മാത്രമാണ് വർക്ക് സ്റ്റഡിയിൽ അനുമതിയായത്.
തസ്തിക : ഇപ്പോഴുള്ളത് : ശുപാർശ
ജോയിന്റ് ഡയറക്ടർ 0, 1
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 0, 1
അസി. ഡയറക്ടർ 0, 4
ക്ളാർക്ക് 12, 14
നിലവിലെ തസ്തികകൾ
ഡയറക്ടറേറ്റ് - 16
മേഖലാ ഓഫീസുകൾ
കൊല്ലം - 3
എറണാകുളം - 4
പാലക്കാട് - 3
കോഴിക്കോട് - 4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |