തിരുവനന്തപുരം: ഇഷ്ടക്കാരെ സംരക്ഷിക്കുന്നതിനായി വനംവകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കുന്നു. ഓൺലൈനായി സ്ഥലംമാറ്റിയ 84 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ മൂന്നാർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ വീണ്ടും സ്ഥലംമാറ്റി. പൊതുസ്ഥലംമാറ്റം ലഭിച്ചവരിൽ ഭൂരിഭാഗംപേരും പുതിയ സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ടുമില്ല.
ആഗസ്റ്റ് ഒന്നിനാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. സെപ്തംബർ 29നകം സ്ഥലംമാറ്റം നടപ്പാക്കി റിപ്പോർട്ട് നൽകണമെന്ന് ഭരണവിഭാഗം മേധാവി ഡോ. പ്രമോദ് ജി.കൃഷ്ണൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കും ഡി.എഫ്.ഒമാർക്കും നിർദ്ദേശം നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇഷ്ടക്കാരെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. മൂന്നാറിൽ വീണ്ടും സ്ഥലംമാറ്റപ്പെട്ടവരിൽ ചിലർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് മൂന്നു വർഷം പൂർത്തിയാക്കിയവരെ ഉൾപ്പെടുത്തിയാണ് പൊതുസ്ഥലംമാറ്റ പട്ടിക പുറത്തിറക്കിയത്.
മറയൂരിനെ മറയാക്കി
മറയൂർ ചന്ദന സംരക്ഷണത്തിനായി നിയോഗിക്കുന്നവർക്ക് 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഇവിടെയുള്ളവരെ ഒരു വർഷം പൂർത്തിയാകുമ്പോൾ സ്ഥലംമാറ്റത്തിന് പരിഗണിക്കാറുണ്ട്. ഇത്തരത്തിൽ മറയൂരിലെ 13 പേരെ പൊതുസ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും പകരം ആരെയും നിയോഗിച്ചില്ല. ഇത് മറയാക്കിയാണ് 84പേരുടെ പുതിയ സ്ഥലംമാറ്റപ്പട്ടിക പുറത്തിറക്കിയത്. ഇതിൽ ഒരുസ്ഥലത്ത് ഒരു വർഷം മാത്രം ജോലി ചെയ്തവരുമുണ്ട്. ഇത് നടപ്പാക്കിയാൽ അടുത്ത വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാനുള്ള അർഹത നഷ്ടപ്പെടുമെന്ന് സംഘടനകൾ ആരോപിക്കുന്നു. ചിലരുടെ വ്യക്തിതാത്പര്യം സംരക്ഷിക്കാനാണിതെന്നും കുറ്റപ്പെടുത്തി.
പുതിയ സംവിധാനം,
സ്ഥലംമാറ്റം വൈകി
1. ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്ക് മുഖേനയാണ് സാധാരണ ഓൺലൈൻ സ്ഥലംമാറ്റം നടത്തുന്നത്
2. ഇക്കുറി സി-ഡിറ്റ് തയ്യാറാക്കിയ ഓൺലൈൻ സംവിധാനത്തിലൂടെയായിരുന്നു സ്ഥലംമാറ്റം
3. ഇതുമൂലം ഫെബ്രുവരിയിൽ നടപ്പാക്കേണ്ടിയിരുന്ന സ്ഥലംമാറ്റം ആഗസ്റ്റുവരെ നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |